മോദി മുതല്‍ സോണിയാഗാന്ധി വരെ; 10000 ത്തോളം ഇന്ത്യന്‍ പ്രമുഖര്‍ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
national news
മോദി മുതല്‍ സോണിയാഗാന്ധി വരെ; 10000 ത്തോളം ഇന്ത്യന്‍ പ്രമുഖര്‍ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 10:45 am

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെ രാജ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം പതിനായിരത്തോളം പേര്‍ ചൈനയുടെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഷ്വെന്‍ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനമാണ് 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാ്ം നാഥ് കോവിന്ദും മുതല്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി വരെ ചൈനീസ് സര്‍ക്കാര്‍ നിരീക്ഷണപ്പട്ടികയില്‍പ്പെടുന്നു.

ഗാന്ധി കുടുംബം, മുഖ്യമന്ത്രമാരായ മമതാ ബാനര്‍ജി, അശോക് ഗെലോട്ട്, അമരീന്ദര്‍ സിംഗ്, ഉദ്ധവ് താക്കറെ, നവീന്‍ പട്‌നായിക്, ശിവരാജ്‌സിംഗ് ചൗഹാന്‍; കാബിനറ്റ് മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി, പിയുഷ് ഗോയല്‍, പ്രതിരോധ വിഭാഗ തലവന്‍ ബിപിന്‍ സിംഗ് റാവത്തടക്കം 15ഓളം മുന്‍ ആര്‍മി തലവന്മാര്‍ എന്നിവരും ചൈനയുടെ നിരീക്ഷണത്തില്‍പ്പെടുന്നു.

ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും ഇവരുടെ നിരീക്ഷണത്തിലുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡെ,സഹ ജഡ്ജ് എ.എം ഖാന്‍വില്‍ക്കര്‍ തുടങ്ങി ലോക്പാല്‍ ജസ്റ്റിസ് പി. സി ഘോസെ, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ജി .സി മുര്‍മു എന്നിവരും ഭാരത് പേ ആപ്പിന്റെ തലവന്‍ നിപും മെഹ്‌റ, ഒതെന്റികേഷന്‍ ടെക്ടനോളജി ഫേമായ ഔത്ബ്രിഡ്ജിന്റെ അജയ് ട്രെഹാന്‍ തുടങ്ങി വന്‍ കിട വ്യവസായികളായ രത്തന്‍ ടാറ്റയും ഗൗതം അദാനിയും വരെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

700ഓളം രാഷ്ട്രീയ നേതാക്കള്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബം, 350ഓളം പാര്‍ലമെന്റ് അംഗങ്ങള്‍, രാജ്യത്ത മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെയാണ് പട്ടികയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

രണ്ട് വര്‍ഷം കൊണ്ടാണ് ചൈനീസ് കമ്പനി ഇത്ര വിപുലമായ ഡാറ്റാ ബേസ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചൈന മാത്രം കേന്ദ്രീകരിച്ചല്ല, പകരം വിവിധ രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ വഴിയും നിരീക്ഷിക്കുന്നുണ്ട്.

പ്രമുഖ വ്യക്തികളുടെ ഒരോ നീക്കവും നിരീക്ഷിച്ച് ചൈനയുടെ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിരീക്ഷണ ചുമതല മറ്റ് കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടില്ലെന്നാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

രണ്ട് മാസത്തിലേറെയായി വിശദമായ ഡാറ്റാ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ട് ഷ്വെന്‍ഹ്വാസിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Report says that China is watching Indian Individuals and organization amid India-China Stand off