| Saturday, 6th August 2022, 12:59 pm

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് മിസൈല്‍ പ്രൊഡക്ഷന്‍ വിഭാഗം തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയ് സിറ്റി: തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ മരിച്ച നിലയില്‍ കണ്ടെത്തി.

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്‌സിംഗിനെ (Ou Yang Li-hsing) ആണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്‌വാന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഡെപ്യൂട്ടി തലവനാണ് ഇദ്ദേഹം.

തായ്‌വാന്റെ മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ നയിക്കുന്നതും ഔ യാങ് ലി-ഹ്‌സിംഗ് ആണ്.

ശനിയാഴ്ച തെക്കന്‍ തായ്‌വാനിലെ ഹോട്ടല്‍ മുറിയിലായിരുന്നു ലി-ഹ്‌സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്‌വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് (സി.എന്‍.എ) സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലി-ഹ്‌സിംഗിന്റെ മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് തായ്‌വാനീസ് അധികൃതര്‍ വ്യക്തമാക്കി.

ഒരു ബിസിനസ്സ് യാത്രയിലായിരുന്നു ഔ യാങ് ലി-ഹ്‌സിംഗ്. തായ്‌വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ഈ വര്‍ഷമാദ്യമായിരുന്നു ലി-ഹ്‌സിംഗ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി ചുമതലയേറ്റത്.

ചൈനയുടെ ഭാഗത്ത് നിന്നും വര്‍ധിച്ചുവരുന്ന സൈനിക ഭീഷണികളെ നേരിടുന്നതിന് രാജ്യത്തിന്റെ മിസൈല്‍ ഉല്‍പാദന ശേഷി ഇരട്ടിയിലേറെയായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ലി-ഹ്‌സിംഗ് ചുമതലയേറ്റത്.

വാര്‍ഷിക മിസൈല്‍ നിര്‍മാണം 500ലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി.

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചും സന്ദര്‍ശനത്തിന് ശേഷവും ചൈനയുടെ ഭാഗത്ത് നിന്നും തായ്‌വാന് നേരെ നിരന്തരം ഭീഷണികളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തായ്‌വാന് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: report says Taiwan official leading missile production found dead in hotel

Latest Stories

We use cookies to give you the best possible experience. Learn more