ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍. ബുച്ചി ബാബു ടൂര്‍ണമെന്റിലെ മത്സരത്തിനിടെയാണ് സൂര്യയ്ക്ക് പരിക്കുപറ്റിയത്. കോയമ്പത്തൂരില്‍ വെച്ച് നടന്ന തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടയാണ് സൂര്യക്ക് പരിക്കുപറ്റിയതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിക്കിന് പിന്നാലെ സൂര്യയ്ക്ക് വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈയെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനായിരുന്നു സൂര്യയുടെ ലക്ഷ്യം. എന്നാല്‍ താരത്തിന് പരിക്ക് പറ്റിയതിന് പിന്നാലെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമോ എന്നതും ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്.
ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമേ സൂര്യക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ദുലീപ് ട്രോഫിയിലാണ് അവസാനമായി സൂര്യകുമാര്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്. 82 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 5628 റണ്‍സാണ് സൂര്യ നേടിയിട്ടുള്ളത്. 14 സെഞ്ച്വറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ഒക്ടോബറില്‍ ന്യൂസിലാന്‍ഡിനെതിരെയും ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുണ്ട്. പിന്നീട് നവംബറില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നടക്കും.
അതേസമയം അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ഇതിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ രോഹിത്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ടി-20യുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ ആയിരുന്നു ബി.സി.സി.ഐ നിയമിച്ചത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlight: Report Says Suryakumar Yadav Injury in Buchi Babu Tournament