| Wednesday, 14th August 2024, 11:21 am

ഐ.പി.എല്ലിൽ വീണ്ടും കൊടുങ്കാറ്റാവാൻ ഓസ്‌ട്രേലിയൻ സിംഹം തിരിച്ചെത്തുന്നു; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ വരാനിരിക്കുന്ന ഐ.പി.എല്ലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയൻ സൂപ്പര്‍താരം സ്റ്റീവ് സ്മിത്ത് ആഗ്രഹിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്മിത്ത് ഒരിക്കല്‍ കൂടി ഇന്ത്യന്‍ പ്രിമീയര്‍ ലീഗിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഐ.പി.എല്‍ ലേലത്തില്‍ താരം പേര് നൽകുമെന്നുമാണ് കോഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021ലാണ് താരം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ താരത്തിന് ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കായാണ് സ്മിത്ത് കളിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 103 മത്സരങ്ങളില്‍ നിന്നും 2485 റണ്‍സാണ് ഓസ്‌ട്രേലിയന്‍ താരം നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

മാച്ച് ഫിക്‌സിങ്ങിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് നേരിടേണ്ടി വന്ന സമയങ്ങളില്‍ ഐ.പി.എല്ലില്‍ കളിക്കാനെത്തിയ പൂനെയെ നയിച്ചിരുന്നത് സ്മിത്ത് ആയിരുന്നു. 2017ൽ എം.എസ് ധോണി ഉണ്ടായിരുന്നിട്ടും ടീമിനെ മുന്നില്‍നിന്നും നയിച്ച ഓസ്‌ട്രേലിയന്‍ താരം ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. കലാശ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് പൂനെക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

രാജസ്ഥാന് റോയല്‍സിന്റെ നായകനായും സ്മിത്ത് കളിച്ചിട്ടുണ്ട്. ക്യാപ്റ്റനായി രാജസ്ഥാനെ 27 മത്സരങ്ങള്‍ നയിച്ച ഓസ്‌ട്രേലിയന്‍ താരം 15 വിജയങ്ങളാണ് നേടിയിട്ടുള്ളത്.

നേരത്തേ തന്നെ സ്മിത്തിനെ ക്യാപ്റ്റനായി ടീമിലെത്തിക്കാന്‍ പഞ്ചാബ് കിങ്സ് ലക്ഷ്യമിടുന്ന റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. ഈ സീസണില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ ഇന്ത്യന്‍ സൂപ്പര്‍താരം ശിഖര്‍ ധവാനെ ടീം നിലനിര്‍ത്തുമോ എന്നത് കണ്ടു തന്നെ അറിയേണ്ടതാണ് അതുകൊണ്ടുതന്നെ പുതിയൊരു ക്യാപ്റ്റനെ പഞ്ചാബ് ടീമിലെത്തിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

Content Highlight: Report Says Steve Smith Back in IPL 2025

We use cookies to give you the best possible experience. Learn more