കൊളംബിയന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിനെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ്ബുകളായ അത്‌ലെറ്റിക്കോ മാഡ്രിഡും റയല്‍ സോസിഡാഡും ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡീഗോ സിമിയോണി ഹാമിഷിനെ ടീമില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.
നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയുടെ താരമാണ് റോഡ്രിഗസ്. താരത്തിന്റെ ബ്രസീലിയന്‍ ക്ലബ്ബിനൊപ്പമുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ തുകയ്ക്ക് താരത്തെ സ്പാനിഷ് ക്ലബ്ബിന് സ്വന്തമാക്കാന്‍ സാധിക്കും.
അതേസമയം നേരത്തെ തന്നെ താരം ലാ ലിഗയില്‍ പന്ത് തട്ടിയിട്ടുണ്ട്. 2014ലെ ബ്രസീലിയന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ഹാമിഷ് ആയിരുന്നു. അഞ്ച് ഗോളുകള്‍ നേടികൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ റയല്‍ മാഡ്രിഡിന്റെ പ്ലെയിങ്ങ് ഇലവനില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ലോസ് ബ്ലാങ്കോസിനൊപ്പം 125 മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും 45 അസിസ്റ്റുകളുമാണ് ഹാമിഷിന് നേടാന്‍ സാധിച്ചത്. പിന്നീട് ബയേണ്‍ മ്യൂണിക്, എവര്‍ടണ്‍, അല്‍ റയാന്‍, ഒളിമ്പിയാക്കോസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം ബൂട്ട് കെട്ടി.
ഈ കോപ്പ അമേരിക്കയില്‍ റോഡ്രിഗസ് നടത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഒരു ഗോളും ആറ് അസിസ്റ്റുമാണ് താരം കൊളംബിയക്കായി നേടിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതൽ അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനും ഹാമിഷിന് സാധിച്ചിരുന്നു.
നാളെയാണ് കോപ്പ അമേരിക്കയുടെ ഫൈനല്‍ പോരാട്ടം നടക്കുന്നത്, മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് ഹാമിഷും കൂട്ടരും നേരിടുക.
സെമിഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കൊളംബിയ ഫൈനല്‍ യോഗ്യത നേടിയത്.
Content Highlight: Report Says Spanish Clubs Are Interest to sign James Rodriguez