| Monday, 26th August 2024, 11:17 am

ഹാമിഷ് റോഡ്രിഗസ് വീണ്ടും സ്പെയ്നിൽ പന്തുതട്ടും; കൊളംബിയൻ ക്യാപ്റ്റനെ റാഞ്ചി സ്പാനിഷ് ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊളംബിയന്‍ ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസിനെ സ്പാനിഷ് ക്ലബ്ബായ റയോ വല്ലേക്കാനോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തെ കരാറില്‍ ഹാമിഷ് സ്പാനിഷ് ക്ലബ്ബുമായി വാക്കാലുള്ള കരാറില്‍ എത്തിയെന്നാണ് പറയുന്നത്. ക്ലബ്ബുമായി കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി ഹാമിഷ് വരും ആഴ്ചകളില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാവും.

നേരത്തെ അത്‌ലറ്റികൊ മാഡ്രിഡും ഹാമിഷിനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ താരത്തിന് വയസ് കൂടുതലായതിനാല്‍ സ്പാനിഷ് ക്ലബ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ബ്രസീലിയന്‍ ക്ലബ്ബ് സാവോ പോളോയില്‍ നിന്നുമാണ് താരം വീണ്ടും സ്‌പെയ്‌നിലെത്തുന്നത്. നേരത്തെ തന്നെ ഹാമിഷ് ലാ ലിഗയില്‍ പന്ത് തട്ടിയിട്ടുണ്ട്. 2014ലെ ബ്രസീലിയന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ഹാമിഷ് ആയിരുന്നു. അഞ്ച് ഗോളുകള്‍ നേടികൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ റയല്‍ മാഡ്രിഡിന്റെ പ്ലെയിങ്ങ് ഇലവനില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ലോസ് ബ്ലാങ്കോസിനൊപ്പം 125 മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും 45 അസിസ്റ്റുകളുമാണ് ഹാമിഷിന് നേടാന്‍ സാധിച്ചത്. പിന്നീട് ബയേണ്‍ മ്യൂണിക്, എവര്‍ടണ്‍, അല്‍ റയാന്‍, ഒളിമ്പിയാക്കോസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം ബൂട്ട് കെട്ടി.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കൊളംബിയയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു ഹാമിഷ് വഹിച്ചത്. ആറ്‌ തവണയാണ് തന്റെ സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ ഹാമിഷ് വഴിയൊരുക്കിയത്.

ഇതോടെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനും കൊളംബിയന്‍ നായകന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് കൊളംബിയക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

അതേസമയം ലാ ലിഗയിലെ പുതിയ സീസണില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് റയോ വെല്ലേക്കാനോയുടെ അക്കൗണ്ടിലുള്ളത്. ആദ്യ മത്സരത്തില്‍ റയല്‍ സോസിനാഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ റയോ വെല്ലേക്കാനോ രണ്ടാം മത്സരത്തില്‍ ഗെറ്റാഫക്കെതിരെ സമനിലയില്‍ കുടുങ്ങുകയായിരുന്നു. ഓഗസ്റ്റ് 28ന് ബാഴ്‌സലോണക്കെതിരെയാണ് റയോ വെല്ലേക്കാനോയുടെ അടുത്ത മത്സരം.

Content Highlight: Report Says Spanish Club Rayo Vallecano Sign James Rodrigues

Latest Stories

We use cookies to give you the best possible experience. Learn more