ഇന്ത്യ-ബംഗ്ലാദേശ് ആവേശകരമായ പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20കളുമാണ് പരമ്പരയിൽ ഉള്ളത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടി-20 പരമ്പരക്കുള്ള ടീമിനെയാണ് ഇനി പ്രഖ്യാപിക്കാൻ ഉള്ളത്.
ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂപ്പർതാരം ശുഭ്മൻ ഗില്ലിന് വിശ്രമം അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം ജോലിഭാരം കൂടുതൽ ആയതിനാൽ ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ താരത്തിന് വിശ്രമം അനുവദിക്കുമെന്നാണ് പറയുന്നത്.
ഇന്ത്യക്കായി 21 ടി-20 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഗിൽ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉൾപ്പെടെ 578 റൺസാണ് നേടിയിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ നയിച്ചിരുന്നത് ഗില്ലായിരുന്നു.
ലോകകപ്പ് നേടിയ പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ചപ്പോൾ ഇന്ത്യയെ നയിക്കേണ്ട ചുമതല ഗില്ലിന് നൽകുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യമത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.
ഐ.പി.എല്ലിന്റെ ഈ സീസണിലാണ് ഗുജറാത്തിന്റെ ക്യാപ്റ്റൻസി ഗിൽ ഏറ്റെടുക്കുന്നത്. എന്നാൽ ആദ്യ സീസണിൽ തന്നെ കിരീടവും രണ്ടാം സീസണിൽ ഫൈനലിസ്റ്റുകളുമായ ഗുജറാത്തിന് ഗില്ലിന്റെ കീഴിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയം മാത്രമേ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഗുജറാത്തിന് നേടാൻ സാധിച്ചുള്ളൂ.
അതേസമയം ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് സെപ്റ്റംബർ 19 മുതൽ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ഒന്ന് വരെ കാൺപൂരിലെ ഗ്രീൻ പാർക് സ്റ്റേഡിയത്തിലും നടക്കും.