| Sunday, 11th August 2024, 5:00 pm

ബംഗ്ലാദേശിലെ അഭ്യന്തര കലാപത്തിന് പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് പിന്നില്‍ അമേരിക്കയെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചതായി റിപ്പോര്‍ട്ട്. സെന്റ് മാര്‍ട്ടിന്‍ ദ്വീപ് യു.എസിന് നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ ഭരണത്തില്‍ തുടരാമായിരുന്നെന്നും രാജിവെച്ചത് കൂടുതല്‍ പൗരന്മാര്‍ കൊല്ലപ്പെടാതിരിക്കാനും വേണ്ടിയാണെന്ന് ഹസീന പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘ദി ഇക്കണോമിക് ടൈംസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജിയ്ക്ക് മുമ്പുള്ള അഭിസംബോധനക്കായി ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലാണ് പരാമര്‍ശങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷെയ്ഖ് ഹസീനയുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സെന്റ് മാർട്ടിൻ ദ്വീപിൽ അമേരിക്ക അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും അത് വിട്ടുനൽകുകയാണെങ്കിൽ ഭരണത്തിൽ തുടരാൻ കഴിയുമെന്നും, എന്നാൽ ദ്വീപ് വിട്ടുനൽകാൻ താൻ തയ്യാറല്ലെന്നും 2023ൽ തന്നെ ഷെയ്ഖ് ഹസീന പാർലമെന്റിൽ പറഞ്ഞിരുന്നു. ഈ വിവരം ഡൂൾ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

രാജിവെക്കുന്നതിന് മുന്നോടിയായി ഷെയ്ഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് കലാപത്തിന് പിന്നില്‍ യു.എസ് ആണെന്ന് ഹസീന ആരോപിച്ചതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നേരത്തെ ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനായ ഐ.എസ്.ഐ ആണെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ആരോപിച്ചിരുന്നു. ബംഗ്ലാദേശിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇടപെടലുകളുണ്ടെന്നും അതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബംഗ്ലാദേശില്‍ പവിഴപ്പുറ്റുകളാല്‍ രൂപംകൊണ്ട ഏക ദ്വീപാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ്. ഇത് നരിക്കേല്‍ സിന്‍സിറ എന്നും വിളിക്കപ്പെടുന്നു. ബംഗാളിയില്‍ ഇത് ‘കോക്കനട്ട് ഐലന്‍ഡ്’ എന്നാണ് വിവര്‍ത്തനം ചെയ്യപ്പെടുക. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

സെന്റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചെടുക്കാന്‍ യു.എസിന് ഉദ്ദേശമുണ്ടെന്നും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) ദ്വീപ് വില്‍ക്കാന്‍ തയ്യാറാണെന്നും ഷെയ്ഖ് ഹസീന മുമ്പ് ആരോപിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ദ്വീപ് പിടിച്ചടക്കാന്‍ യാതൊരു വിധ താത്പര്യവുമില്ലെന്ന് പറഞ്ഞ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മുന്നോട്ടെത്തിയിരുന്നു. അതേസമയം യു.എസിന് ഈ ദ്വീപില്‍ പ്രത്യേക താത്പര്യമുള്ളതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബംഗ്ലാദേശിൽ ഭരണകൂടത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായതോടെയാണ് ശൈഖ് രാജിവെച്ച് രാജ്യം വിട്ടത്. തുടർന്ന് ഇന്ത്യയിലെത്തി ദൽഹിയിൽ അഭയം തേടുകയായിരുന്നു. ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തു.

Content Highlight: Report says Sheikh Hasina says America is behind civil unrest in Bangladesh

We use cookies to give you the best possible experience. Learn more