ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂരും അശോക് ഗെഹ്‌ലോട്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശശി തരൂരിനും ഗെഹ്‌ലോട്ടിനും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി.
ശശി തരൂര്‍ ഇന്ന് സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കില്‍ മത്സരിക്കുന്നതിനാണ് ശശി തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നും കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് 23ന്റെ ലേബലില്ല മറിച്ച് പൊതുസമ്മതനെന്ന നിലക്ക് മത്സരിക്കാനാണ് ശശി തരൂരിന് താല്‍പര്യം.
എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന നിലപാടാണ് ഗെഹ്‌ലോട്ട് എടുത്തിരുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് ഗഹ്ലോട്ട് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായില്ലെങ്കില്‍ അത് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നിരാശയായിരിക്കുമെന്നും ഗഹ്ലോട്ട് പറഞ്ഞിരുന്നു.
അതേസമയം, കൂടുതല്‍ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം നേരത്തെ പാസാക്കിയിരുന്നു.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്. ഇതിനിടെ അധ്യക്ഷനാകാനില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷന്‍ വരട്ടെ എന്നാണ് രാഹുല്‍ പറയുന്നത്.