റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരിയെ അധികൃതര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്ന സൗദി രാജകുടുംബാംഗമായ ബസ്മ ബിന്ദ് സൗദ് മോചിതയായതായാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകയും ബിസിനസുകാരിയുമായ 57കാരിയായ ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പം തടവിലായിരുന്നു.
അല്‍ക്വസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് മോചനവിവരം ട്വീറ്റ് ചെയ്തത്. ”2019 മാര്‍ച്ച് മുതല്‍ തടവിലുള്ള ബസ്മ ബിന്ദ് സൗദും അവരുടെ മകള്‍ സുഹൗദും മോചിപ്പിക്കപ്പെട്ടു,” ട്വീറ്റില്‍ പറയുന്നു.
BREAKING: Basma bint Saud Al Saud and her daughter Suhoud, detained since March 2019, have been released. pic.twitter.com/tTsh6kPgzE
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയിലൂന്നിയ ഭരണത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. 2019 മാര്‍ച്ചിലാണ് ഇവര്‍ തടവിലടക്കപ്പെട്ടത്.
ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് ഇവരെ മോചിപ്പിക്കണമെന്ന് 2020 ഏപ്രിലില്‍ സല്‍മാന്‍ രാജാവിനും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മുന്നില്‍ നിരവധി അഭ്യര്‍ത്ഥനകള്‍ വന്നിരുന്നു.
ജയിലില്‍ കഴിയവെ ഇവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ വരെ നിഷേധിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ചികിത്സയുടെ ആവശ്യാര്‍ത്ഥം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനിരിക്കെയായിരുന്നു 2019 മാര്‍ച്ചില്‍ ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരുടെ അസുഖം എന്താണെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ബസ്മ ബിന്ദ് സൗദിനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബം മുമ്പ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെയും സമീപിച്ചിരുന്നു.