| Wednesday, 19th October 2022, 12:45 pm

'സൗദി - യു.എസ് പോരിന് പുതിയ ഹേതു'; യു.എസ് പൗരന് സൗദി 16 വര്‍ഷം തടവുശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സൗദി ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ യു.എസ് പൗരന് സൗദി അറേബ്യ 16 വര്‍ഷം തടവുശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. സാദ് ഇബ്രാഹിം അല്‍മാദിയെയാണ് സൗദി ഭരണകൂടം ശിക്ഷിച്ചത്.

യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെയും അല്‍മാദിയുടെ കുടുംബത്തെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സൗദി വംശജനും യു.എസ് പൗരനുമായ സാദ് ഇബ്രാഹിം അല്‍മാദി (Saad Ibrahim Almadi) സൗദി തടങ്കലിലാണുള്ളതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. വിഷയം സൗദിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും യു.എസ് ചൊവ്വാഴ്ച പറഞ്ഞു.

സൗദി ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ 72കാരനായ അല്‍മാദിയെ 16 വര്‍ഷം തടവിന് വിധിച്ചതായി അല്‍മാദിയുടെ മകന്‍ ഇബ്രാഹിം സ്ഥിരീകരിച്ചെന്ന് എ.എഫ്.പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ കേസിനെ സംബന്ധിച്ച് റിയാദിലെയും വാഷിങ്ടണിലെയും കേന്ദ്രങ്ങള്‍ വഴി സൗദി സര്‍ക്കാരിന്റെ ഉന്നത തലങ്ങളിലേക്ക് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ ഒരിക്കലും ക്രിമിനല്‍ കുറ്റമായി കണക്കാക്കരുത്,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്‌ളോറിഡയില്‍ താമസിക്കുന്ന അല്‍മാദിയെ സൗദിയിലുള്ള തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്തതുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സൗദി ഭരണകൂടത്തിനെതിരെ എഴുതിയ 14 ട്വീറ്റുകളുടെ പേരിലായിരുന്നു അറസ്റ്റ്.

അല്‍മാദിക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് 16 വര്‍ഷം തടവും 16 വര്‍ഷത്തെ യാത്രാ വിലക്കും വിധിച്ചതായി മകന്‍ ഇബ്രാഹിമിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയിലെ അഴിമതിയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന ട്വീറ്റുകളാണ് കേസിനാധാരം.

ഭീകരവാദത്തെ പിന്തുണക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്തു, രാജ്യത്തെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചൂ എന്നീ കുറ്റങ്ങളാണ് അല്‍മാദിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മകന്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിഷയത്തില്‍ സൗദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, യു.എസ്- സൗദി സംഘര്‍ഷവും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായിരിക്കുന്ന ഈയൊരു ഘട്ടത്തില്‍ അല്‍മാദിയുടെ തടവുശിക്ഷ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തലുകള്‍.

സൗദിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ (എണ്ണ ഉത്പാദക രാജ്യങ്ങള്‍) യോഗം ചേര്‍ന്ന് എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായിരുന്നു അമേരിക്കയെ ചൊടിപ്പിച്ചത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു ഇത് സംബന്ധിച്ച ഒപെക് രാജ്യങ്ങളുടെ പ്രഖ്യാപനം.

ഇതിന്റെ പരിണിതഫലം സൗദി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Report says Saudi Arabian Court jails US Citizen for 16 years over Tweets against the Kingdom

We use cookies to give you the best possible experience. Learn more