കുടിയേറ്റക്കാരെ പാര്‍പ്പിച്ച തടവറകളില്‍ സൗദി അധികൃതരുടെ ചൂഷണവും പീഡനവും; പുറംലോകമറിയാതിരിക്കാന്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നു; റിപ്പോര്‍ട്ട്
World News
കുടിയേറ്റക്കാരെ പാര്‍പ്പിച്ച തടവറകളില്‍ സൗദി അധികൃതരുടെ ചൂഷണവും പീഡനവും; പുറംലോകമറിയാതിരിക്കാന്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 1:33 pm

റിയാദ്: സൗദി അറേബ്യയില്‍ കുടിയേറ്റക്കാരുടെ ജയിലുകളില്‍ കടുത്ത ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ കാത്തിരിക്കുന്ന കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലാണ് വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ ചൂഷണത്തിനിരയാകുന്നത്.

മിഡില്‍ ഈസ്റ്റ് ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തടവറയിലെ അന്തേവാസികളുടെ അവസ്ഥ പുറംലോകമറിയാതെ മൂടിവെക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനില്‍ നിന്നും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെയാണ് സൗദി അധികൃതര്‍ അറസ്റ്റ് ചെയ്യുന്നതും തുടരുകയാണ്.

തങ്ങളുടെ മൈഗ്രന്റ് സെന്ററുകളില്‍ സൗദി അധികൃതര്‍ വന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയതായി നാടുകടത്തലിന് വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന എത്യോപ്യന്‍ കുടിയേറ്റക്കാര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

മൊബൈല്‍ ഫോണുകളും തങ്ങളുടെ അവസ്ഥ പുറംലോകത്തെ അറിയിക്കുന്നതിന് സഹായകമായ അത്തരത്തിലുള്ള എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തതായും ഇവര്‍ പറയുന്നു.

തങ്ങളെ സൗദി അധികൃതര്‍ മര്‍ദ്ദിച്ചതായും വൃത്തിഹീനമായ, ആളുകള്‍ തിങ്ങിനിറഞ്ഞ റൂമുകളില്‍ പാര്‍പ്പിച്ചതായും എത്യോപ്യന്‍ പൗരന്മാര്‍ എം.ഇ.ഇയോട് പറഞ്ഞു.

നാടുകടത്തലിന് വിധിക്കപ്പെട്ടവര്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആളുകളുടെ കയ്യില്‍ നിന്നും ഒപ്പിട്ട് വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റമസാന്‍ മാസ സമയത്ത് സൗദി ഭരണകൂടത്തിന്റെ നടപടി പുറംലോകമറിയാതിരിക്കാനാണ് അധികൃതരുടെ ഈ നീക്കമെന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് എം.ഇ.ഇ റിപ്പോര്‍ട്ട് ചെയ്തത്.

വിഷയത്തില്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

വിവിദ മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ സൗദി ഭരണകൂടത്തിന്റെ ഈ മനുഷ്യത്വരഹിത നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

2020 ഒക്ടോബറില്‍, കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്ന സൗദിയുടെ രീതിയെ വിമര്‍ശിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Content Highlight: Report says Saudi Arabian authorities hide abuses in migrant detention centers amid wave of arrests