| Wednesday, 7th August 2024, 2:59 pm

കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു കളിക്കില്ല? പകരം മറ്റൊരു ടൂർണമെന്റിൽ ഇറങ്ങും

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറ് ടീമുകളുടെ പേരും ഓരോ ടീമിന്റെയും ഐക്കണ്‍ താരങ്ങളുടെയും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഓരോ ടീമിന്റെയും ഐക്കണ്‍ താരങ്ങളില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഉണ്ടായിരുന്നില്ല. സഞ്ജുവിനെ ലേലത്തിലൂടെയായായിരിക്കും ടീമുകള്‍ സ്വന്തമാക്കുക എന്നാണ് പുറത്തുവന്നിരുന്ന വിവരങ്ങള്‍.

ഇപ്പോഴിതാ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജു വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നാണ് വിവരങ്ങള്‍. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെയാണ് കേരള ക്രിക്കറ്റ് ലീഗ് നടക്കുന്നത്.

ഈ സമയത്ത് തന്നെയാണ് ദുലീപ് ട്രോഫിയും നടക്കുക. ഈ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ 25 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സഞ്ജു ദുലീപ് ട്രോഫിയുടെ ഭാഗമാകുകയാണെങ്കില്‍ കേരള ക്രിക്കറ്റ് ലീഗ് സഞ്ജുവിന് നഷ്ടമാവും. ഈ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇന്ത്യന്‍ ടീമിന്റെ സ്ഥിര സാന്നിധ്യമാവാനാവും സഞ്ജു ലക്ഷ്യമിടുക.

അടുത്തിടെ അവസാനിപ്പിച്ച ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളത്തില്‍ ഇറങ്ങാന്‍ മലയാളി സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെ നടന്ന സിംബാബ്‌വേക്കെതിരെയുള്ള ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു.

ഇതിനുശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ഇതിനുശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടപോരാട്ടത്തിനായി അണിനിരക്കുന്നത്.

പി.എ. അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്),ബേസില്‍ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), വിഷ്ണു വിനോദ് (തൃശൂര്‍ ടൈറ്റന്‍സ്), രോഹന്‍ കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്) എന്നിവരെയാണ് ഓരോ ടീമിന്റെയും ഐക്കണ്‍ താരങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.

തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലായിരിക്കും ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 33 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ആറ് ടീമുകള്‍ പരസ്പരം രണ്ട് വീതം മത്സരങ്ങള്‍ കളിക്കുന്ന രീതിയിലാണ് ലീഗിന്റെ ഫിക്ച്ചര്‍ തയ്യാറാക്കിയിട്ടുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ടൂര്‍ണമെന്റിന്റെ സംരക്ഷണാവകാശം ഏറ്റെടുത്തിട്ടുള്ളത്.

Content Highlight: Report Says Sanju Samson Not Participate Kerala Cricket League

We use cookies to give you the best possible experience. Learn more