ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഒരുപാട് മത്സരങ്ങളുണ്ട്. ലോകകപ്പിന് മുമ്പ് ടീമിനെ തയ്യാറെടുപ്പിക്കാനുള്ള ഭാഗമായിട്ടാണ് ഇത്. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലാണ് ടീം ഇന്ത്യ.
ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ശേഷം ഏകദിന ട്വന്റി-20 പരമ്പരകള്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കും. ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. ആദ്യ ഇലവനില്‍ കളിക്കാന്‍ സഞ്ജുവിന് ഒരുപാട് സാധ്യതകളുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച് ഓഗസ്റ്റ് 13നാണ് അവസാനിക്കുക. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജഡേജ എന്നിവര്‍ വിട്ടുനില്‍ക്കുന്ന പരമ്പരയില്‍ ഹര്‍ദിക്ക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക. ഇക്കാരണം കൊണ്ട് തന്നെ സഞ്ജു കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിന്‍ഡീസ് പരമ്പരക്ക് ശേഷം ഓഗസ്റ്റ് 18ന് അയര്‍ലന്‍ഡിനെതിരെയും ഇന്ത്യന്‍ ടീം ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്. പരമ്പരക്കായി ഇന്ത്യ രണ്ടാം നിര ടീമിനെയാണ് ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അവസരത്തില്‍ സഞ്ജു സാംസണ്‍ ആ പരമ്പരയും കളിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മെയ്ന്‍ വിക്കറ്റ് കീപ്പറായിട്ട് തന്നെ സഞ്ജു കളിച്ചേക്കുമെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏഷ്യാ കപ്പ് കളിക്കാനായി ഇഷന്‍ കിഷന് റെസ്റ്റ് നല്‍കാനാണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ സഞ്ജു ഇന്ത്യയുടെ ഏഷ്യാ കപ്പ് പ്ലാനിലും ലോകകപ്പ് പ്ലാനിലും ഇല്ലെന്ന് വേണം കരുതാന്‍. ഈ വിന്‍ഡീസ് പരമ്പരയിലും അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിന്റെ വാതില്‍ ചിലപ്പോള്‍ തുറന്നുകിട്ടും.
ഈ വര്‍ഷം ആദ്യം നടന്ന ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി ട്വന്റി-20യില്‍ കളത്തില്‍ ഇറങ്ങിയത്. ആ പരമ്പരയില്‍ പരിക്കേറ്റ് താരം പുറത്താകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ പാഡണിഞ്ഞത്. ഈ വര്‍ഷത്തെ ഐ.പി.എല്ലിലും താരം ശരാശരി പ്രകടനം മാത്രമായിരുന്നു.
മികച്ച ടാലെന്റുള്ള സഞ്ജു ഇന്ത്യക്കായി ലോകകപ്പില്‍ കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസവും പ്രതീക്ഷയും.
Sanju Samson is likely to be the main wicket-keeper for Ireland T20 series as Ishan might be rested looking at the Asia Cup. [ANI] pic.twitter.com/VibkzV0ESN