സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് മലയാളി ഫുട്‌ബോള്‍ പ്രേമികള്‍. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ തന്നെ വമ്പന്‍ താരങ്ങളെയും വിദേശ കോച്ചുമാരുടെയും ടീമില്‍ എത്തിച്ചുകൊണ്ട് കിരീടപോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍.
സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണ്‍ താത്പര്യപ്പെടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന് മുമ്പ് തന്നെ സെലിബ്രേറ്റികളായ പൃഥ്വിരാജ് സുകുമാരനും ആസിഫ് അലിയും മറ്റ് ക്ലബ്ബുകളുടെ ഉടമകളാണ്. പ്രിത്വിരാജ് ഫോഴ്‌സ കൊച്ചിയുടേയും ആസിഫ് കണ്ണൂര്‍ വാരിയേഴ്‌സിന്റെയും സഹ ഉടമകളാണ്.
അതേസമയം ഇംഗ്ലണ്ട് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ കീഴിലാണ് മലപ്പുറം എഫ്.സി സൂപ്പര്‍ ലീഗ് കേരളയുടെ പോരാട്ടങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ പരിശീലകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള പരിശീലകനാണ് ഗ്രിഗറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ മച്ചാന്‍സിനെ തങ്ങളുടെ രണ്ടാം ഐ.എസ്.എല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നത് ജോണ്‍ ഗ്രിഗറി ആയിരുന്നു. 2018ലായിരുന്നു ജോണിന്റെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയും മലപ്പുറം എഫ്.സിയുടെ ഭാഗമാണ്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലം കേരള എഫ്.സിക്ക് വേണ്ടിയായിരുന്നു അനസ് അവസാനമായി ബൂട്ട് കെട്ടിയത്. ഫുട്ബോളില്‍ മികച്ച അനുഭവസമ്പത്തുള്ള അനസ് മലപ്പുറത്തിന് വേണ്ടി കളിക്കുന്നത് ടീമിലുള്ള മറ്റ് യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കും നല്‍കുക.
2019ല്‍ അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് താരം വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചു വരികയായിരുന്നു. ഗ്രിഗറിക്കൊപ്പം അനസ് കൂടിച്ചേരുന്നതോടെ ടീം കൂടുതല്‍ ശക്തമായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
സെപ്റ്റംബര്‍ എഴിനാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കുന്നത്. കൊച്ചി ഫോഴ്‌സക്കെതിരെയാണ് മലപ്പുറം എഫ്.സിയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് നടക്കുക. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Report Says Sanju Samson Buy Shares Of Malappuram FC