റൊണാൾഡോയുടെ അൽ നസറിന്റെ ബ്രഹ്മാസ്ത്രം ടീം വിടുന്നു? സൗദി വമ്പന്മാർ ഇനി വിയർക്കും!
Football
റൊണാൾഡോയുടെ അൽ നസറിന്റെ ബ്രഹ്മാസ്ത്രം ടീം വിടുന്നു? സൗദി വമ്പന്മാർ ഇനി വിയർക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 12:10 pm

സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ സൗദി വമ്പന്‍മാരായ അല്‍ നസര്‍ വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സമ്മറില്‍ മാനെ ടീം വിടുമെന്നാണ് ഫൂട്ട് മെര്‍ക്കെറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് സെനഗല്‍ താരം സൗദിയിലേക്ക് കൂടുമാറിയത്.

അല്‍ നസറിനൊപ്പം 46 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മാനെ 19 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതിനോടകം തന്നെ നേടിയിട്ടുള്ളത്.  സൗദി വമ്പന്മാര്‍ക്കൊപ്പമുള്ള മാനെയുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ കാരണം പല സമയങ്ങളിലും ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ താരം നേരിട്ടിരുന്നു.

അൽ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം 43 മത്സരങ്ങളിലാണ് മാനെ പന്തു തട്ടിയത്. നിലവില്‍ അൽ നസറുമായി 2026 വരെയാണ് കരാറുള്ളത്. ഇതിനെ മറികടന്നുകൊണ്ട് താരം ഈ സമ്മറിൽ ടീം വിടുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം അടുത്തിടെ അവസാനിച്ച സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി ചാമ്പ്യന്മാരായ അല്‍ ഹിലാലിനോട് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാല്‍ അല്‍ നസറിനെ തകര്‍ത്തത്.

ഇതോടെ പുതിയ സീസണിന് മുന്നോടിയായി കിരീടം നേടികൊണ്ട് മികച്ച തുടക്കം നേടാനുള്ള റൊണാള്‍ഡോയുടെയും സംഘത്തിന്റെയും വലിയ ലക്ഷ്യത്തിനാണ് തിരിച്ചടിയായത്.

ഈ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോയെ പുറത്താക്കാന്‍ ക്ലബ്ബ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ബോല വി.പിയുടെ റിപ്പോര്‍ട്ട് പ്രകാരം അല്‍ നസര്‍ ലൂയിസ് കാസ്‌ട്രോയെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് പറയുന്നത്.

പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോ എഫ്.സിയുടെ മുന്‍ പരിശീലകനായ സെര്‍ജിയോ കോണ്‍സെക്കാവോയെ ക്ലബ്ബ് പുതിയ പരിശീലക സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇനി അല്‍ നസറിന്റെ മുന്നിലുള്ളത് സൗദി പ്രോ ലീഗാണ്. പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും അല്‍ നസര്‍ ലക്ഷ്യമിടുക. ഓഗസ്റ്റ് 22ന് അല്‍ റെയ്ദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Report Says Sadio Mane Will Left Al Nassr