| Thursday, 21st April 2022, 3:08 pm

വെള്ള റിബ്ബണ്‍ ധരിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വെടിയേല്‍ക്കാം; മരിയോപോള്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ സേന; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരിയോപോള്‍: വെടിയേല്‍ക്കുന്നത് തടയാന്‍ വെളുത്ത നിറത്തിലുള്ള റിബ്ബണ്‍ ധരിക്കാന്‍ മരിയോപോള്‍ നഗരത്തിലെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി റഷ്യന്‍ സേന.

മരിയോപോള്‍ മേയര്‍ തന്നെയാണ്, വസ്ത്രത്തിന് മുകളില്‍ വെള്ള റിബ്ബണ്‍ ധരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ വെടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മരിയോപോളിലെ റഷ്യന്‍ സേന മുന്നറിയിപ്പ് നല്‍കിയതായി പറഞ്ഞത്.

റഷ്യന്‍ സേനയില്‍ നിന്നും ഇത്തരത്തില്‍ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതായാണ് മരിയോപോള്‍ മേയറുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.

വെള്ള റിബ്ബണ്‍ ധരിക്കാന്‍ മരിയോപോളിലെ ജനങ്ങള്‍ക്ക് മേല്‍ റഷ്യന്‍ സേന സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്.

‘തോല്‍വി സമ്മതിച്ച’ ഉക്രൈന്‍ പൗരന്മാര്‍ എന്നതിന്റെ സിമ്പലായാണ് വെള്ള റിബ്ബണ്‍ ധരിക്കാന്‍ റഷ്യന്‍ സേന മരിയോപോള്‍ നിവാസികളോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം തുറമുഖ നഗരമായ മരിയോപോളിന് മേലുള്ള റഷ്യന്‍ സേനയുടെ അധിനിവേശം തുടരുകയാണ്. മരിയോപോള്‍ റഷ്യന്‍ സേന വളഞ്ഞുവെന്നും ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയെന്നും മരിയോപോളിനെ തങ്ങള്‍ ‘സ്വതന്ത്രമാക്കി’യെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 24നായിരുന്നു ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചത്.

Content Highlight: Report says Russia warns Ukraine city Mariupol residents to wear white ribbons to avoid getting shot

We use cookies to give you the best possible experience. Learn more