| Friday, 2nd December 2022, 12:22 pm

'ഇന്ത്യക്ക് നല്‍കിയത് പോലെ സബ്‌സിഡിയില്‍ എണ്ണ നല്‍കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി റഷ്യ'; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: റഷ്യയില്‍ നിന്നും സബ്‌സിഡിയോടെ എണ്ണ വാങ്ങാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. 30 മുതല്‍ 40 ശതമാനം സബ്‌സിഡിയോടെ റഷ്യന്‍ എണ്ണ നല്‍കണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ റഷ്യ നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി സംഘം ഈ വിഷയം ഉന്നയിച്ചപ്പോള്‍ റഷ്യ അത് നിരാകരിച്ചതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ ഇളവ് നല്‍കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.

ബുധനാഴ്ചയായിരുന്നു ചര്‍ച്ച നടന്നത്. പാകിസ്ഥാന്റെ പെട്രോളിയം വകുപ്പ് മന്ത്രി മുസാദിക് മാലിക് (Musadik Malik) ജോയിന്റ് സെക്രട്ടറി, മോസ്‌കോയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുത്തത്.

എന്നാല്‍ നിലവിലെ എണ്ണശേഖരവുമായി ബന്ധപ്പെട്ട വ്യാപാരങ്ങളെല്ലാം കമ്മിറ്റഡാണെന്നും അതുകൊണ്ട് ഇപ്പോള്‍ ഈ ഓഫര്‍ നല്‍കാനാകില്ലെന്നും പറഞ്ഞുകൊണ്ട് റഷ്യ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

പാകിസ്ഥാന്റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പിന്നീട് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും റഷ്യ പാകിസ്ഥാന് വാഗ്ദാനം നല്‍കിയതായും ദി ന്യൂസ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ നവംബര്‍ 29നായിരുന്നു പാകിസ്ഥാന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി റഷ്യയിലെത്തിയത്. മൂന്ന് ദിവസത്തേക്കായിരുന്നു സന്ദര്‍ശനം. സബ്‌സിഡിയോടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യത, പേയ്മെന്റ് രീതി, ഷിപ്പ്മെന്റ് ചെലവ് എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ച.

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും റഷ്യയില്‍ നിന്നും ഉടന്‍ എണ്ണ വാങ്ങുമെന്നും നേരത്തെ പാകിസ്ഥാന്റ ധനകാര്യ മന്ത്രി ഇസ്ഹാഖ് ദര്‍ (Ishaq Dar) പറഞ്ഞിരുന്നു.

ഇന്ത്യയെ ഉദാഹരണമായി എടുത്തുകൊണ്ട്, സമാനമായ രീതിയില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ പാകിസ്ഥാനും ശ്രമിക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യക്ക് ബാധകമായ അതേ നിരക്ക് പാകിസ്ഥാനും ബാധകമാണെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തങ്ങള്‍ തയ്യാറാണ് എന്നും ഇസ്ഹാഖ് ദര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഇക്കാര്യത്തില്‍ പാകിസ്ഥാന് അനുകൂലമായ നടപടികള്‍ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇസ്ഹാഖ് ദര്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു.

അതേസമയം, നാറ്റോ- യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നെങ്കിലും എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവ് റഷ്യയുടെ വരുമാനത്തെ ഇടിവ് കൂടാതെ നിലനിര്‍ത്തിയിരുന്നു. ഇന്ത്യ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ വ്യാപാരങ്ങള്‍ നിലനിര്‍ത്തിയതും റഷ്യക്ക് ഉപകാരപ്രദമായി.

ചരിത്രപരമായി റഷ്യ ഇന്ത്യയുടെ മുന്‍നിര എണ്ണ സ്രോതസുകളിലൊന്നല്ല. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നാറ്റോ അംഗരാജ്യങ്ങളും മറ്റ് പാശ്ചാത്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് റഷ്യ ഇന്ത്യക്ക് സബ്സിഡിയോടെ ക്രൂഡ് ഓയില്‍ നല്‍കിത്തുടങ്ങിയത്.

യു.എസ് അടക്കമുള്ള സഖ്യരാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് റഷ്യയുടെ ഓഫര്‍ ഇന്ത്യ സ്വീകരിക്കുകയായിരുന്നു.

ഇതേ രീതിയില്‍ സബ്സിഡിയോടെ റഷ്യന്‍ എണ്ണ ലഭിക്കുമെന്നായിരുന്നു പാകിസ്ഥാന്റെയും പ്രതീക്ഷ. എന്നാല്‍ അത് സംഭവിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഉക്രൈനിലെ ‘സ്പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്’ പിന്നാലെ നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. 90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്.

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

Content Highlight: Report says Russia refused to give Pakistan 30-40 percent discount on Crude oil

We use cookies to give you the best possible experience. Learn more