| Monday, 12th August 2024, 10:21 am

ഇന്ത്യൻ ടീമിനൊപ്പമല്ല! രോഹിത്തും കോഹ്‌ലിയും മറ്റൊരു ടൂർണമെന്റ് കളിക്കാനൊരുങ്ങുന്നു; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെയുള്ള ഈ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ദുലീപ് ട്രോഫി കളിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവര്‍ക്ക് പുറമേ ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യശ്വസി ജെയ്സ്വാള്‍, കുല്‍ദീപ് യാദവ്, കെ.എല്‍. രാഹുല്‍ എന്നീ താരങ്ങളോടും ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ താരങ്ങളെ ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിപ്പിച്ചുകൊണ്ട് താരങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ആയിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക.

ആന്ധ്രപ്രദേശിലെ അനന്തപൂരിലാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. ഇവിടെ എയര്‍പോര്‍ട്ട് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് ടൂര്‍ണമെന്റിന്റെ ഒരു റൗണ്ട് നടത്താനും ബി.സി.സി.ഐയുടെ പരിഗണയിലുണ്ടെന്നും വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്.

ടൂര്‍ണമെന്റിലെ ആറ് മത്സരങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങി സെപ്റ്റംബര്‍ 24നാണ് അവസാനിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടുന്ന ടീമുകളിലെ പ്രധാന താരങ്ങള്‍ക്ക് ഈ സമയങ്ങളില്‍ ദുലീപ് ട്രോഫിയുടെ ഭാഗമാകാൻ സാധിക്കില്ല.

Content Highlight: Report Says Rohit Sharma And Virat Kohli Play Duleep Trophy

We use cookies to give you the best possible experience. Learn more