2025 ഐ.പി.എല്ലില്‍ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. പഞ്ചാബ് കിങ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നോ അതിൽ കൂടുതലോ വര്‍ഷത്തെ കരാറിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെ പഞ്ചാബ് പരിശീലകനായി നിയമിച്ചതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലകനായിരുന്നു പോണ്ടിങ്. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഒഴിഞ്ഞത്. നീണ്ട ഏഴ് വര്‍ഷങ്ങളായി ദല്‍ഹിയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് പോണ്ടിങ് ടീമിനോട് വിട പറഞ്ഞത്.
റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ദല്‍ഹിക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നു. 2020ല്‍ ആയിരുന്നു ക്യാപിറ്റല്‍സ് ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്.എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ദല്‍ഹിക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
ഇതിന് പുറമെ 2019, 2021 എന്നീ സീസണുകളില്‍ പ്ലേ ഓഫിലേക്ക് മുന്നേറാനും ദല്‍ഹിക്ക് സാധിച്ചിരുന്നു. 2024 ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി ആറാം സ്ഥാനത്തായിരുന്നു ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തിരുന്നത്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു കിരീടം പോലും നേടിയെടുക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. 17 വര്‍ഷത്തിനുള്ളില്‍ ഒരുതവണ മാത്രമാണ് പഞ്ചാബ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. 2014 ഐ.പി.എല്ലിന്റെ കലാശ പോരാട്ടത്തില്‍ പഞ്ചാബിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു. ഇതിനുശേഷം ഒരുതവണ പോലും പഞ്ചാബിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു പഞ്ചാബ് നടത്തിയിരുന്നത്. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒമ്പത് തോല്‍വിയും അടക്കം പത്ത് പോയിന്റോടെ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തിരുന്നത്.
അതുകൊണ്ടുതന്നെ 2025ല്‍ പോണ്ടിങ്ങിന്റെ തങ്ങളുടെ നീണ്ട വര്‍ഷക്കാലത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ആയിരിക്കും പഞ്ചാബ് ലക്ഷ്യമിടുക.
Content Highlight: Report Says Ricky Ponting Will Be The New Head Coach of Punjab Kings