ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തൊഴിലെടുക്കുന്നവര്‍ വ്യാപകമായി ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 44 ലക്ഷം പേര്‍, അതായത് യു.എസില്‍ ആകെ തൊഴിലെടുക്കുന്നവരുടെ മൂന്ന് ശതമാനം പേര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം ജോലി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ പുറത്തുവിട്ട ‘ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോബ് ഓപ്പണിങ് ആന്‍ഡ് ലേബര്‍ ടേണോവര്‍ സര്‍വേ’യിലാണ് പുതിയ കണക്കുകളുള്ളത്. ആഗസ്റ്റില്‍ 1,64,000 പേര്‍ മാത്രമായിരുന്നു ജോലി ഉപേക്ഷിച്ചത്.
കൊവിഡിന് ശേഷം ഉയര്‍ന്ന് വരുന്ന അമേരിക്കന്‍ എക്കോണമിയ്ക്ക് വെല്ലുവിളിയായിരിക്കും ഇത്. അസംസ്‌കൃത വസ്തുക്കള്‍ക്കൊപ്പം തൊഴിലാളികളുടെ ക്ഷാമവും ഇന്ന് യു.എസ് കമ്പനികള്‍ നേരിടുന്നു.
അതേസമയം, സെപ്റ്റംബറില്‍ പുതുതായി 10.4 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ തൊഴിലുപേക്ഷിച്ച 4.4 മില്യണ്‍ ആളുകള്‍ക്ക് പുതിയ ജോലി തെരഞ്ഞെടുക്കാനുള്ള വലിയ അവസരവും യു.എസിലുണ്ട്.