ബെംഗളൂരുവിന്റെ നെടുംതൂണായവൻ പുറത്തേക്ക്; 2025ലേക്കുള്ള പടവെട്ട് തുടങ്ങി; റിപ്പോർട്ട്
Cricket
ബെംഗളൂരുവിന്റെ നെടുംതൂണായവൻ പുറത്തേക്ക്; 2025ലേക്കുള്ള പടവെട്ട് തുടങ്ങി; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th September 2024, 8:28 am

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെ ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നതിനെക്കുറിച്ച് ഒരു നിര്‍ണായക അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ആര്‍.സി.ബി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് ആനന്ദബസാര്‍ പത്രികയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വില്‍ ജാക്‌സിനെയും കാമറൂണ്‍ ഗ്രീനിനെയും ടീം അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ബെംഗളൂരു ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന കെ.ജി.എഫ് എന്ന കൂട്ടുകെട്ടിന് കൂടിയായിരിക്കും വിരമമാവുക. കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഫാഫ് ഡ്യൂപ്ലെസിസ് എന്നീ മൂന്ന് താരങ്ങളെയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ആരാധകര്‍ കെ.ജി.എഫ് എന്ന് വിശേഷിപ്പിച്ചിരുന്നത്.

കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ഓസ്ട്രേലിയന്‍ താരത്തിന് സാധിച്ചിരുന്നില്ല. പത്തു മത്സരങ്ങളില്‍ നിന്നും വെറും 52 റണ്‍സ് മാത്രമായിരുന്നു മാക്സ്വെല്‍ നേടിയത്.

2021ല്‍ 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ ബെംഗളൂരു സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം താരത്തെ 11 കോടി രൂപ കൊടുത്ത് ടീം നിലനിര്‍ത്തുകയായിരുന്നു. ടീമിനൊപ്പം ഉള്ള തന്റെ ആദ്യ സീസണില്‍ 513 റണ്‍സായിരുന്നു മാക്സ്വെല്‍ അടിച്ചെടുത്തത്. 2022ല്‍ 301 റണ്‍സും 2023ല്‍ 400 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ബെംഗളൂരുവിന് വേണ്ടി താരം നടത്തിയത്.

അതേസമയം കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന ആറു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട് കിരീട സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു ബെംഗളൂരു.

 

Content Highlight: Report Says RCB Will Release Glen Maxwell IPL 2025