| Wednesday, 25th September 2024, 12:47 pm

പരിക്ക് വില്ലനായി, ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങി റയൽ ഇതിഹാസം; ആരാധകർക്ക് കണ്ണുനീർ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ഇതിഹാസം റാഫേല്‍ വരാനെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണിലാണ് വരാനെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ കോമോയിലേക്ക് ചേക്കേറിയത്.

എന്നാല്‍ ഇറ്റാലിയന്‍ ടീമിനൊപ്പമുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫ്രഞ്ച് ഡിഫെന്‍ഡര്‍ക്ക് പരിക്ക് സംഭവിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വരാനെ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഈ സീസണിലാണ് കോമോക്ക് സിരി എക്ക് പ്രൊമോഷന്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് സൂപ്പര്‍താരത്തെ രണ്ടു വര്‍ഷത്തെ കരാറിന് ടീമിലെത്തിച്ചുകൊണ്ട് പുതിയ സീസണില്‍ മികച്ച മുന്നേറ്റം നടത്താനുള്ള കോമോയുടെ വലിയ ലക്ഷ്യങ്ങള്‍ക്കു കൂടിയാണ് തിരിച്ചടിയായത്.

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയും വരാനെ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ ഫ്രഞ്ച് സൂപ്പര്‍താരത്തെ വേട്ടയാടിയിരുന്നു. ഇംഗ്ലീഷ് വമ്പന്മാര്‍ക്കൊപ്പം 11 മത്സരങ്ങളാണ് വരാനെക്ക് നഷ്ടമായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കഴിഞ്ഞ സീസണില്‍ 25 മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിക്കുള്ളൂ. റെഡ് ഡവിള്‍സിനായി 95 മത്സരങ്ങളിലാണ് വരാനെ ബൂട്ട് കെട്ടിയത്.

ഇതിനുമുമ്പ് ലോസ് ബ്ലാങ്കോസിന് വേണ്ടി ഒരു അവിസ്മരണീയമായ കരിയറാണ് വരാനെ സൃഷ്ടിച്ചെടുത്തത്. റയല്‍ മാഡ്രിഡിന് വേണ്ടി 360 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 17 ഗോളുകളാണ് നേടിയത്. ലോസ് ബ്ലാങ്കോക്കിനൊപ്പം 18 കിരീടനേട്ടങ്ങളിലാണ് വരാനെ പങ്കാളിയായത്.

രാജ്യാന്തരതലത്തിലും ഒരു ഐതിഹാസികമായ ഫുട്‌ബോള്‍ യാത്രയാണ് വരാനെ നടത്തിയത്. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു വരാനെ. നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം ഖത്തറില്‍ വച്ച് നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനും വരാനെക്ക് സാധിച്ചു. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് ഫ്രാന്‍സിന് കിരീടം നഷ്ടമാവുകയായിരുന്നു ഇതിനുപിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോള്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Report Says Rapheal Varane Retired From Football

We use cookies to give you the best possible experience. Learn more