രാജസ്ഥാന് റോയല്‍സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെപ്പമുള്ള പരിശീലനകനായുള്ള ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് രാജസ്ഥാന്‍ ദ്രാവിഡിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നതിനു മുന്നോടിയായി മറ്റു ഐ.പി.എല്‍ ടീമുകളില്‍ നിന്നുള്ള വമ്പന്‍ ഓഫറുകള്‍ ദ്രാവിഡിന് മുന്നില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ ഇതെല്ലം തള്ളിക്കളഞ്ഞാണ് ഇന്ത്യന്‍ ഇതിഹാസം രാജസ്ഥാന്റെ പരിശീലകനായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ ദ്രാവിഡിനെ പരിശീലകനായി എത്തിക്കാന്‍ ചില ടീമുകള്‍ ബ്ലാങ്ക് ചെക്കുകള്‍ കൈമാറിയുന്നുവെന്നും എന്നാല്‍ ദ്രാവിഡ് ഇതെല്ലാം നിരസിച്ചുകൊണ്ട് രാജസ്ഥാനിലേക്ക് പോവുകയുമായിരുന്നു എന്നാണ് പറയുന്നത്.
രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് സഞ്ജു റോയല്‍സ് ടീമിലേക്ക് കടന്നുവന്നത്. അണ്ടര്‍ 19 സമയങ്ങളില്‍ കളിക്കുമ്പോഴും ദ്രാവിഡുമായി സഞ്ജു മികച്ച ബന്ധമാണ് സൃഷ്ടിച്ചെടുത്തത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ നേടിയ കിരീടം മാത്രമേ രാജസ്ഥാന്റെ ഷെല്‍ഫിലുള്ളൂ. ഇതിനുശേഷം ഒരിക്കല്‍ പോലും ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. 2022ല്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഫൈനല്‍ വരെ മുന്നേറാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് സഞ്ജുവിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ക്വാളിഫയര്‍ രണ്ട് വരെ എത്താന്‍ രാജസ്ഥാന്‍ സാധിച്ചുള്ളൂ. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയ സഞ്ജുവും കൂട്ടരും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോല്‍വി നേരിടുകയായിരുന്നു.
ഇപ്പോള്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ രാജസ്ഥാന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ മടങ്ങിവരവ് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നീണ്ട വര്‍ഷക്കാലത്തെ റോയല്‍സിന്റെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ 2025ല്‍ ദ്രാവിഡിന് സാധിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
Content Highlight: Report Says Rahul Dravid Reject Big Offers For the IPL Teams