ലോകകപ്പിനുള്ള പതിനഞ്ച് അംഗ സ്‌ക്വാഡില്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലെഫ്റ്റ് ഹാന്‍ഡ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരമായിരിക്കും താരം ടീമിലെത്തുക.
മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ ആദ്യ പതിനഞ്ച് തെരഞ്ഞെടുത്തത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു ആ സ്പിന്നര്‍മാര്‍. എന്നാല്‍ അക്‌സറിന് പരിക്കേറ്റതതോടെ അശ്വിന് നറുക്ക് വീഴുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അശ്വിന്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിലായിരുന്നു മികച്ച ഫോമിലുണ്ടായിരുന്ന അകസര്‍ പട്ടേലിന് പരിക്കേറ്റത്. ശ്രീലങ്കക്കെതിരെയുള്ള ഏഷ്യാ കപ്പ് ഫൈനലും ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.
അശ്വിനെ കൂടാതെ വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ അക്‌സര്‍ പട്ടേലിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസീസിനെതിരെയുള്ള അവസാന മത്സരത്തില്‍ താരം കളത്തില്‍ ഇറങ്ങിയിരുന്നു. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവെച്ചെങ്കിലും അശ്വിനായിരിക്കും ലോകകപ്പ് ടീമിലേക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Report says R Ashwin Might Get Into India’s World Cup squad