| Monday, 25th October 2021, 11:51 am

ഡ്രോണ്‍ കരാറില്‍ പ്രതികരണമില്ല; അമേരിക്കയോട് ചൊടിച്ച് ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അതിനൂതന ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള ആവശ്യത്തോട് അമേരിക്ക പ്രതികരിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ഖത്തര്‍. കഴിഞ്ഞ വര്‍ഷമായിരുന്നു അമേരിക്കന്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഖത്തര്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ഇതിന്മേല്‍ ബൈഡന്‍ ഭരണകൂടം പ്രതികരിക്കാത്തതാണ് ഖത്തറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് ദോഹയിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

2020ല്‍ നാല് MQ-9B പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനായിരുന്നു ഖത്തര്‍ ഒദ്യോഗികമായി അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. 600 മില്യണ്‍ ഡോളറിന്റെ കരാറായിരുന്നു ഇത്.

അമേരിക്ക വര്‍ഷങ്ങളോളം അഫ്ഗാനിസ്ഥാനില്‍ നടത്തിയ തീവ്രവാദ വിരുദ്ധ പദ്ധതികള്‍ക്ക് പങ്കാളിയായ രാജ്യമായിരുന്നു ഖത്തര്‍. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ആയിരക്കണക്കിനാളുകളെ രാജ്യത്ത് നിന്നും ഒഴിപ്പിക്കുന്നതിലും ഖത്തര്‍ സഹായിച്ചിരുന്നു.

ഈ സാഹചര്യത്തിലും അമേരിക്ക തങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കാത്തതാണ് ഖത്തറിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

”ഞങ്ങളുടെ അപേക്ഷ പരിഗണിക്കുന്നത് എന്തുകൊണ്ടാണ് ഇത്ര വൈകിപ്പിക്കുന്നതെന്നും അവര്‍ പറയുന്നില്ല. ഇതാണ് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള നിരാശ,” ഖത്തര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ യു.എ.ഇ അടക്കം മറ്റ് സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഡ്രോണ്‍ കരാര്‍ അപേക്ഷകള്‍ക്ക് അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഖത്തറിന്റെ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാത്തത് എന്നത് സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം വന്നിട്ടില്ല.

അടുത്ത മാസം വാഷിങ്ടണ്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി, ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Report says Qatar is frustrated America for not responding to their drone deal

We use cookies to give you the best possible experience. Learn more