|

'ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു'; ട്രെയിന്‍ യാത്രക്കിടെ യുവാവിന് ക്രൂര മര്‍ദനമേറ്റതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവാവിന് ട്രെയിനില്‍ വെച്ച് ക്രൂര മര്‍ദനമേറ്റു. ദല്‍ഹിയില്‍ നിന്നും പ്രതാപ്ഗാര്‍ഹിലേക്ക് സഞ്ചരിക്കുകയായിരുന്ന മുറാദാബാദ് സ്വദേശിയും വ്യാപാരിയുമായ അസിം ഹുസൈനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. എന്‍.എന്‍.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പത്മാവത് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന അസിം ഹുസൈനെ ഹാപൂര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയ സംഘം താടിയില്‍ പിടിച്ച് വലിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബോധരഹിതനാകുന്നത് വരെ അവര്‍ തന്നെ ബെല്‍റ്റുപയോഗിച്ച് അടിച്ചതായും അസിം പരാതിയില്‍ പറയുന്നു.

അസിമിന്റെ വസ്ത്രവും അക്രമികള്‍ വലിച്ചൂരിയിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ട്രെയിനില്‍ ഒപ്പമുള്ള യാത്രക്കാര്‍ യുവാവിനെ സഹായിക്കാതെ സംഭവം നോക്കിനില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവശേഷം വീട്ടിലെത്തിയ യുവാവ് പേടികാരണം പരാതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

അക്രമികളായ സതീഷ് കുമാര്‍, സൂരജ് കുമാര്‍ എന്നീ രണ്ട് പേരെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബറേലിയില്‍ നിന്നും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

”കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സമാധാന ലംഘനത്തിനാണ് ഇരുവര്‍ക്കുമെതിരെ ആദ്യം കുറ്റം ചുമത്തിയത്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു,” മൊറാദാബാദ് റെയില്‍വേ സര്‍ക്കിള്‍ ഓഫീസര്‍ ദേവി ദയാല്‍ പറഞ്ഞതായി ഡെയ്‌ലി പയനീര്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംഭവം നടന്ന് ഏകദേശം 24 മണിക്കൂറിന് ശേഷം മൊറാദാബാദിലെ സര്‍ക്കാര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ അസിം ഹുസൈന്‍ എത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി മൊറാദാബാദ് റെയില്‍വേ പൊലീസ് സൂപ്രണ്ട് അപര്‍ണ ഗുപ്ത പ്രതികരിച്ചു.

അക്രമികള്‍ തന്റെ പക്കല്‍ നിന്ന് 2,200 രൂപ തട്ടിയെടുത്തതായും അസിം ഹുസൈന്‍ പരാതിയില്‍ പറയുന്നുണ്ട്.

Content Highlight: Report says passenger beaten with belt on train for refusing to chant ‘Jai Shree Ram’