ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ (ജെ.എല്‍.എഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ള നേതാവ് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം.
ബി.ജെ.പി നേതാവ് പങ്കെടുക്കുന്ന പക്ഷം അമേരിക്കയില്‍ ഹിന്ദുത്വ വാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ജെ.എല്‍.എഫ് ഉപയോഗിക്കപ്പെടുമെന്നാണ് വിവിധ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചത്.
ബി.ജെ.പിയുടെ ദേശീയ വക്താവ് ഷാസിയ ഇല്‍മി ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപകമായി പ്രതിഷേധമുയരുന്നത്.
ബി.ജെ.പി നേതാവ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കണമെന്ന ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും ആഹ്വാനത്തെത്തുടര്‍ന്ന് എഴുത്തുകാരായ മേരി ബ്രെന്നര്‍ (Marie Brenner) ആമി വാള്‍ഡ്മാന്‍ (Amy Waldman) എന്നിവരുള്‍പ്പെടെ കുറഞ്ഞത് മൂന്ന് പാനലിസ്റ്റുകളെങ്കിലും ജെ.എല്‍.എഫില്‍ നിന്ന് പിന്മാറിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പാനലിസ്റ്റുകള്‍ പിന്മാറിയ കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാന്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഫെസ്റ്റിവലില്‍ നിന്ന് പിന്മാറിയതായി തനിക്ക് അറിയാമെന്ന് ബ്രിട്ടീഷ്- ഇന്ത്യന്‍ എഴുത്തുകാരനായ ആതിഷ് തസീര്‍ (Aatish Taseer) പ്രതികരിച്ചു. ഫെസ്റ്റിവലിന്റെ സംഘാടകരുമായി അടുത്ത ബന്ധമുള്ളതിനാലാണ് വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തേണ്ടതില്ലെന്ന് എഴുത്തുകാര്‍ തീരുമാനിച്ചതെന്നും തസീര്‍ കൂട്ടിച്ചേര്‍ത്തു.
”രാഷ്ട്രീയ പ്രസ്താവന നടത്താന്‍ അവര്‍ക്ക് ഭയമാണ്,” തസീര്‍ പറഞ്ഞു.
2019ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ വിദേശ പൗരത്വം (overseas citizenship of India) റദ്ദാക്കപ്പെട്ടയാള്‍ കൂടിയാണ് ആതിഷ് തസീര്‍.
‘ന്യൂയോര്‍ക്കില്‍ നിന്നും ഈ പരിപാടിക്കെത്തുന്ന ലിബറലുകളായ ആളുകള്‍ ഒരിക്കലും ഈ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പങ്കെടുക്കില്ല,” അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ കാരണം സാഹിത്യോത്സവത്തില്‍ നിന്നും പ്രഭാഷകര്‍ പിന്മാറിയ വിവരം അറിഞ്ഞിട്ടില്ലെന്നും അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ തീരുമാനമാണെന്നുമാണ് ബി.ജെ.പി നേതാവായ ഇല്‍മി പ്രതികരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സാഹിത്യോത്സവമാണ് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവല്‍. സെപ്തംബര്‍ 12 മുതല്‍ 14 വരെയാണ് ന്യൂയോര്‍ക്കില്‍ വെച്ച് ഫെസ്റ്റിവല്‍ നടക്കുന്നത്. സമാനമായ രീതിയില്‍ ഇന്ത്യയ്ക്ക് പുറത്ത് വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Content Highlight: Report says Panelists withdraw from New York literature festival over BJP leader’s presence