| Sunday, 6th November 2022, 9:26 am

ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണം; നിര്‍ദേശവുമായി പാക് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയm പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ (The Pakistan Electronic Media Regulatory Authority- PEMRA) നടപടി പിന്‍വലിക്കണമെന്ന നിര്‍ദേശവുമായി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍.

ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പാക് സര്‍ക്കാര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്.

ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയും ഔറംഗസേബിന്റെ (Marriyum Aurangzeb) പ്രസ്താവനയെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ (Dawn) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവന പ്രകാരം, ഇമ്രാന്‍ ഖാന്റെ പത്രസമ്മേളനങ്ങള്‍ ലൈവായും അല്ലാതെയും ബ്രോഡ്കാസ്റ്റ് ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഉത്തരവ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (അഭിപ്രായ സ്വാതന്ത്ര്യം) അനുവദിക്കപ്പെടുന്നുണ്ടെന്ന് നിയമപരമായി ഉറപ്പുവരുത്തണമെന്നും അതോറിറ്റിയോട് ഷെഹബാസ് ഷെരീഫ് നിര്‍ദേശിച്ചിട്ടുണ്ട്.

2002 PEMRA ഓര്‍ഡിനന്‍സിലെ സെക്ഷന്‍ അഞ്ച് പ്രകാരമാണ് വിലക്ക് എടുത്തുമാറ്റാനുള്ള നിര്‍ദേശം നല്‍കിയതെന്നും മറിയും ഔറംഗസേബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാന വാരമായിരുന്നു രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലും ഇമ്രാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയത്.

ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഇമ്രാന്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നടപടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ മജിസ്ട്രേറ്റിനും പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍പാര്‍ട്ടികള്‍ക്കും എതിരെ കേസ് കൊടുക്കുമെന്നായിരുന്നു ഇമ്രാന്‍ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നായിരുന്നു പി.ഇ.എം.ആര്‍.എയുടെ നിരോധനനീക്കം.

ആര്‍ട്ടിക്കിള്‍ 19ന്റെ ലംഘനമാണ് ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങളെന്നും ഇത് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും കൃത്യമായ നിരീക്ഷണവും എഡിറ്റോറിയല്‍ നിയന്ത്രണവും ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇമ്രാന്‍ ഖാന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കൂ എന്നും പി.ഇ.എം.ആര്‍.എ വ്യക്തമാക്കിയിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം പൊതുറാലിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ഇമ്രാന്‍ ഖാന് കാലിന് വെടിയേറ്റ സംഭവം രാജ്യത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ഇസ്‌ലാമാബാദിലേക്ക് ഒരു ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് കാലിന് വെടിയേറ്റത്.

ഗുജ്റങ്‌വാല പ്രവിശ്യയ്ക്കടുത്തുള്ള വസീറാബാദില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗവേദിയായിരുന്ന കണ്ടെയ്നറിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ക്കും വെടിയേറ്റിരുന്നെങ്കിലും ആരുടെയും നില ഗുരുതരമായില്ല.

Content Highlight: Report says Pakistan gov instructed to lift the ban on channels from broadcasting Imran Khan’s Press Conferences

We use cookies to give you the best possible experience. Learn more