| Thursday, 2nd June 2022, 5:13 pm

എണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഒപെക്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിയന്ന: എണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ്ങ് കണ്‍ട്രീസ്) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

13 അംഗ സംഘടനയായ ഒപെകിലെ ചില രാജ്യങ്ങള്‍ റഷ്യയെ എണ്ണ ഉല്‍പാദന കരാറില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒപെക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കം റഷ്യക്ക് മേലുള്ള ഉപരോധവും സാമ്പത്തിക സമ്മര്‍ദ്ദവും കടുക്കുന്നതിനെത്തുടര്‍ന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു റഷ്യയുമായും മറ്റ് എണ്ണ നിര്‍മാതാക്കളുമായും ഒപെക് കരാറിലേര്‍പ്പെട്ടത്. എണ്ണ നിര്‍മാണ തോത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഉടമ്പടി. എന്നാല്‍ ഇതിന് പിന്നാലെ, കൊവിഡ് സമയത്ത് എണ്ണവില സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

സൗദിയാണ് അനൗദ്യോഗികമായാണെങ്കിലും ഒപെകിന്റെ ലീഡര്‍ഷിപ് സ്ഥാനത്തുള്ളത്.

ഇക്കഴിഞ്ഞ ബുധനാഴ്ച സൗദി സന്ദര്‍ശനത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍- സൗദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയായിരുന്നു റഷ്യന്‍ എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലായിരുന്നു 90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത വിവരം പുറത്തുവിട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമാണിത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനപ്രകാരം അംഗരാജ്യങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും. അതേസമയം പൈപ്പ്‌ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Report says OPEC countries considers suspending Russia from oil production deal 

We use cookies to give you the best possible experience. Learn more