കാണ്‍ബറ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ട് വിഭാഗം തൊഴിലാളികളും പീഡിപ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പാര്‍ലമെന്റിലെ ജോലിസാഹചര്യങ്ങളെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്.
പാര്‍ലമെന്റില്‍ നടന്ന ഒരു പീഡനസംഭവം കൈകാര്യം ചെയ്തതിലെ വീഴ്ച കാരണം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയയ്ക്ക് മേല്‍ നേരത്തേ തന്നെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരിയില്‍ കേസ് റിവ്യൂവിന് വിടാന്‍ സ്‌കോട്ട് മോറിസണ്‍ ഉത്തരവിട്ടിരുന്നു.
പാര്‍ലമെന്റിലെ മുന്‍ സ്റ്റാഫ് ആയ ബ്രിട്ടനി ഹിഗ്ഗിന്‍സ് ആയിരുന്നു തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. മന്ത്രിയുടെ ഓഫീസില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചു എന്നായിരുന്നു ബ്രിട്ടനി പറഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടത്.
പാര്‍ലമെന്റില്‍ തൊഴിലെടുത്തവരില്‍ 51 ശതമാനം സ്റ്റാഫുകളും ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനോ ലൈംഗിക പീഡനത്തിനോ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ വിവരങ്ങളാണ് പരിശോധനയിലൂടെ അറിഞ്ഞത് എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ‘സെറ്റ് ദ സ്റ്റാന്‍ഡേര്‍ഡ്’ ന്നെ തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ കേറ്റ് ജെന്‍കിന്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
”ഇത്തരം അനുഭവങ്ങള്‍ അവരെ തളര്‍ത്തും. അത് രാജ്യത്തിന് ഹാനികരമാം വിധം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കും,” ജെന്‍കിന്‍സ് പറഞ്ഞു.
പാര്‍ലമെന്റില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാത്ത പ്രധാനമന്ത്രിയാണ് മോറിസണ്‍ എന്ന തരത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.