ന്യൂദല്‍ഹി: കേരളത്തില്‍ ഐ.ടി മേഖലയില്‍ ഉന്നത, മാനേജ്മെന്റ് മേഖലകളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐ.ടി കമ്പനികളില്‍ ഡിസിഷന്‍ മേക്കര്‍മാരായി സേവനമനുഷ്ഠിക്കുന്ന വനിതാ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. കേരളത്തില്‍ ഐ.ടി, ബി.പി.എം സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പായ ജിടെകാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്.
കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 45 ശതമാനം തൊഴിലാളികളും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്ടെ സൈബര്‍പാര്‍ക്കിലും 40 ശതമാനം തെഴിലാളികളും വനിതകളാണ്. സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളിലെ ആകെ തൊഴിലാളികള്‍ ഏകദേശം 42 ശതമാനവും വനിതകളാണ്.
മൂന്ന് വര്‍ഷത്തിനിടെ ഉന്നത മാനേജ്മെന്റ് സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 25 മുതല്‍ 30 ശതമാനം വര്‍ധിച്ചതായും ഡാറ്റ സൂചിപ്പിക്കുന്നു. ഐ.ടി മേഖലയിലെ സ്ത്രീകളുടെ ദേശീയ ശരാശരി 34 ശതമാനമാണ്.
‘പോസിറ്റീവ് പ്രവണതയാണിത്. ഐ.ടി സ്ഥാപനങ്ങളില്‍ തീരുമാനമെടുക്കുന്നവരോ ലീഡേഴ്‌സോ ആയി ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുന്നുണ്ട്.
ചില കമ്പനികളില്‍ വനിതാ ജീവനക്കാര്‍ 60 ശതമാനം വരെ കഴിഞ്ഞതായി കാണാം,’ ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സിയിലെ സെന്റര്‍ ഹെഡുമായ വി. ശ്രീകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.