| Monday, 12th August 2024, 8:13 am

നെയ്മര്‍ വീണ്ടും ബാഴ്‌സക്കായി പന്തുതട്ടാനെത്തുന്നു? കോരിത്തരിച്ച് ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2025ല്‍ നെയ്മറെ ഒരു ഫ്രീ ഏജന്റായി സൈന്‍ ചെയ്യാന്‍ ബാഴ്‌സലോണ ലക്ഷ്യമിടുന്നുവെന്നാണ് ലെക്യുപെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ നെയ്മറിന് കറ്റാലന്‍മാര്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് 2026 ലോകകപ്പില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ സാധിക്കും.

ബാഴ്‌സലോണക്കായി ഇതിനുമുമ്പ് 2013 മുതല്‍ 2017 വരെ ബ്രസീലിയന്‍ സൂപ്പര്‍താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാര്‍ക്കായി 186 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ നെയ്മര്‍ 105 തവണയാണ് എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിച്ചിട്ടുള്ളത്.

ബാഴ്‌സലോണയെ അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ കിരീടനേട്ടത്തിലേക്ക് നയിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നു. 2015ല്‍ ആയിരുന്നു കറ്റാലന്‍മാര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിയത്.

ഈ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനെതിരെ സെക്കന്റ് ലെഗ്ഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ബാഴ്‌സ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

സെമിഫൈനലിന്റെ ആദ്യപാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്‌സ സെക്കന്‍ഡ് ലെഗ്ഗില്‍ ആറ് ഗോളുകള്‍ അടിച്ച് തിരിച്ചുവരികയായിരുന്നു. ഈ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി കൊണ്ടായിരുന്നു നെയ്മര്‍ തിളങ്ങിയത്.

നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാലിന്റെ താരമാണ് നെയ്മര്‍. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെയ്മറിന് പരിക്കേറ്റിരുന്നു. ഗുരുതരമായതോടെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്‌ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

ഇപ്പോള്‍ താരം ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ തന്റെ പഴയ തട്ടകത്തിലേക്ക് വീണ്ടും നെയ്മര്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തിലാണ് കറ്റാലന്‍ പട ഈ സീസണില്‍ പോരാട്ടത്തിനിറങ്ങുന്നത്. പ്രീ സീസണ്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയും ഫ്ലിക്കും കൂട്ടരും മികച്ച ഫോമിലാണ്.

എ.സി മിലാനെതിരെ നിശ്ചിത സമയത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാര്‍ ജയിച്ചുകയറിയത്.

നിലവില്‍ ഇനി ബാഴ്സയുടെ മുന്നിലുള്ളത് ജോവന്‍ ഗാമ്പര്‍ ട്രോഫി ഫൈനലാണ്. ഓഗസ്റ്റ് 12ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയാണ് സ്പാനിഷ് വമ്പന്മാരുടെ എതിരാളികള്‍. ഒളിമ്പിക് ലൂയിസ് കൊമ്പനീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Report Says Neymar Return Barcelona in 2025

We use cookies to give you the best possible experience. Learn more