ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. സൂപ്പര്‍താരം ലയണല്‍ മെസി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസിയുടെ അഭാവം ക്ലബ്ബിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പി.എസ്.ജിയെ വേട്ടയാടുന്നുണ്ട്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക.
ഇതിന് പിന്നാലെ മെസിയുടെ ഉറ്റ സുഹൃത്തും ബ്രസീലിയന്‍ സൂപ്പര്‍ താരവുമായ നെയ്മര്‍ ജൂനിയറും ക്ലബ്ബ് വിടുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെസിയെ പോലെ തന്നെ പലപ്പോഴും പി.എസ്.ജി ആരാധകരുടെ വേട്ടയാടലുകള്‍ക്ക് വിധേയനായ താരമാണ് നെയ്മര്‍. ഈ അടുത്ത ദിവസം താരത്തിന്റെ വീടിന് മുമ്പില്‍ ക്ലബ്ബ് ആരാധകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
കഴിഞ്ഞ സീസണില്‍ തന്നെ ക്ലബ്ബ് വിടുന്നതിന് പി.എസ്.ജി സമ്മതം നല്‍കിയിരുന്നെങ്കിലും താരം അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ നെയ്മര്‍ തന്നെ ക്ലബ്ബ് വിടാന്‍ പി.എസ്.ജിയോട് അവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടാണ് ഡയറിയോ സ്‌പോര്‍ട് അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വന്‍ഡോയില്‍ താരം പി.എസ്.ജി വിട്ടേക്കുമെന്നും തനിക്ക് വരുന്ന ഓഫറുകള്‍ സീരിയസായി പരിഗണിക്കാന്‍ താരം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2027 വരെയാണ് നെയ്മറിന് പി.എസ്.ജിയുമായി കരാറുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ന്യൂകാസില്‍ യുണൈറ്റഡും ചെല്‍സിയുമൊക്കെ നെയ്മറിനെ സൈന്‍ ചെയ്യാന്‍ രംഗത്ത് വന്നിരുന്നു. ഇതടക്കം നെയ്മര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ലായിരുന്നു നെയ്മര്‍ ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. റെക്കോഡ് തുകയായ 222 മില്യണ്‍ മുടക്കിയാണ് നെയ്മറിനെ പാരിസ് ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പി.എസ്.ജിക്കായി ഇതുവരെ 173 മത്സരങ്ങളില്‍ നിന്നും 118 ഗോളുകളും 77 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ക്ലബ്ബ് സ്വന്തമാക്കിയത്. നിലവില്‍ പരിക്ക് പറ്റി ഇടവേളയിലാണ് താരം.
Content Highlight: Report Says Neymar leaves PSG after Messi