| Sunday, 27th November 2022, 3:56 pm

'കോഴ്‌സിനെ കുറിച്ച് ചോദ്യം ചെയ്തു, ക്രിമിനലിനോടെന്ന പോലെ പെരുമാറി'; നേപ്പാളി വിദ്യാര്‍ത്ഥിയെ ബ്രിട്ടന്‍ അതിര്‍ത്തിയില്‍ വെച്ച് തടവിലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് എടുക്കുന്നതിനായി ബ്രിട്ടനിലെത്തിയ വിദ്യാര്‍ത്ഥിയെ യു.കെ ബോര്‍ഡര്‍ ഫോഴ്‌സ് തടങ്കലില്‍ വെച്ചതായി റിപ്പോര്‍ട്ട്.

കോഴ്സിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘വിശദമായ ഉത്തരം നല്‍കിയില്ലെ’ന്നാരോപിച്ച് അതിര്‍ത്തിയില്‍ തടഞ്ഞുവയ്ക്കുകയും 12 ദിവസം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

നേപ്പാളില്‍ നിന്നുള്ള സുലവ് ഖഡ്ക (Sulav Khadka) എന്ന 23കാരനാണ് ദുരനുഭവം നേരിട്ടത്. വ്യാജ വിദ്യാര്‍ത്ഥിയാണെന്ന് ആരോപിച്ചാണ് അതിര്‍ത്തി സേന ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നോട് വ്യാജ വിദ്യാര്‍ത്ഥിയാണെന്ന് ആരോപിച്ച് ഒരു കുറ്റവാളിയെപ്പോലെയാണ് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് സുലവ് ഖഡ്ക പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായ വിസയും യൂണിവേഴ്‌സിറ്റി നില്‍ക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങളും ഒന്നാം വര്‍ഷത്തെ ഫീസ് മുഴുവന്‍ അടച്ചതായി കാണിക്കുന്ന രേഖകളും തന്റെ കൈവശം ഉണ്ടായിരുന്നെന്നും ഇത് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തെന്നും ഖഡ്ക വ്യക്തമാക്കി.

സാമ്പത്തിക സ്രോതസ് സംബന്ധിച്ച തെളിവുകള്‍ നല്‍കിയിട്ടും കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍, പഠിക്കുന്ന കോഴ്‌സിലെ ആറ് മൊഡ്യൂളുകളുടെ തലക്കെട്ടുകള്‍ ലിസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതുള്‍പ്പെടെ, കോഴ്സിന്റെ സങ്കീര്‍ണമായ വിശദാംശങ്ങളെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.

16 മണിക്കൂര്‍ നീണ്ട യാത്ര ചെയ്ത് ക്ഷീണിച്ച് വരികയായിരുന്നു താനെന്നും ഇതുവരെ ബിരുദ കോഴ്‌സ് ആരംഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇതിലെ രണ്ട് ചോദ്യങ്ങള്‍ക്ക് മാത്രമേ കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞുള്ളൂവെന്നും ഖഡ്ക പറഞ്ഞതായി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമെ, നേപ്പാളിലെ ബാങ്കില്‍ നിന്നുള്ള കത്തില്‍ അക്ഷരത്തെറ്റ് കൂടി കണ്ടതോടെ, കുടിയേറ്റ നിയന്ത്രണനിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ഇദ്ദേഹം ശ്രമിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ ഖഡ്ക ഒരു വിദ്യാര്‍ത്ഥിയല്ലെന്നുമുള്ള നിഗമനത്തിലേക്ക് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.

ഖഡ്കയെ പിന്നീട് സ്‌കോട്‌ലാന്‍ഡിലെ ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്ക് മാറ്റുകയും അവിടെനിന്ന് നാടുകടത്തുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ ഖഡ്ക കോഴ്സിന് അഡ്മിഷന്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടതുപോലെ കോഴ്സ് ഫീസ് അടച്ചിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകള്‍ പ്രസ്തുത സര്‍വകലാശാലയുടെ അഡ്മിഷന്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷവും അദ്ദേഹത്തെ 10 ദിവസത്തേക്ക് കൂടി തടങ്കലില്‍ വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പിന്നീട് ആഭ്യന്തര വകുപ്പിന്റെ ഓഫീസാണ് സുലവ് ഖഡ്കയെ വിട്ടയച്ചത്. സംഭവത്തില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള കത്തും ഇദ്ദേഹത്തിന് വകുപ്പ് കൈമാറിയിട്ടുണ്ട്.

Content Highlight: Report says Nepali student wrongly detained at Britain border

We use cookies to give you the best possible experience. Learn more