[share]
[] അബുദാബി: ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദര്‍ഹുഡിന് 10 കോടി പൗണ്ടിന്റെ രഹസ്യ സമ്പത്തുള്ളതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലും സിറ്റ്‌സര്‍ലന്റിലുമായി രഹസ്യ സമ്പത്തുള്ളതായാണ് യു.എ.ഇയിലെ അല്‍ ഇത്തിഹാദ് പത്രം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് ബ്രദര്‍ഹുഡിന്റെ രഹസ്യ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള വിശ്വസനീയ രേഖകള്‍ ലഭിച്ചതെന്നാണ് പത്രം പറയുന്നത്. സംശയിക്കപ്പെടാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ സൂക്ഷിക്കുന്നതാണ് ഈ വന്‍ സാമ്പത്തിക ശേഖരം. സംഘടന നേരിട്ടല്ലാതെ ചില രാജ്യങ്ങളില്‍ നടത്തുന്ന വന്‍ വ്യാപാരങ്ങളില്‍ വന്‍തോതില്‍ നിക്ഷേപവുമുണ്ട്- റിപ്പോര്‍ട്ടില്‍ പറയുന്നു.
മെമ്പര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന വരിസംഖ്യയോ മറ്റ് സംഭാവനകള്‍ കൊണ്ടോ സംഘടനയ്ക്ക് പ്രവര്‍ത്തന ചിലവുകള്‍ നടത്താന്‍ കഴിയില്ലെന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ രഹസ്യമായ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടന്നതെന്നാണ് പത്രം പറയുന്നത്.
ബ്രദര്‍ഹുഡിന്റെ സ്ഥാപകനായ ഹസന്‍ അല്‍ ബന്നയുടെ മരുമകനായ സഈദ് റമളാനാണ് യൂറോപ്പില്‍ സംഘടനക്ക് സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്. 1958ല്‍ ജനീവയിലെത്തിയ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന പേരില്‍ 23 പണ സമ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവയിലൂടെ ലഭിക്കുന്ന പണത്തിന്റെ ഏറിയ പങ്കും ഈജിപ്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ വിശ്വസ്തരിലൂടെ എത്തിക്കുകയായിരുന്നു-പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസമാണ് സൗദി അറേബ്യ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ബ്രദര്‍ഹുഡിന്റെ ശക്തി കേന്ദ്രമായ ഈജിപ്തില്‍ കഴിഞ്ഞ ഡിസംബറില്‍ സംഘടനയെ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ നിരോധിച്ചിരുന്നു.