സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടി, ഇതിഹാസത്തെ റാഞ്ചാന്‍ വമ്പന്മാർ രംഗത്ത്; റിപ്പോര്‍ട്ട്
Cricket
സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടി, ഇതിഹാസത്തെ റാഞ്ചാന്‍ വമ്പന്മാർ രംഗത്ത്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 6:40 pm

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ശേഷം കാലാവധി കഴിഞ്ഞതോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പിന്‍മാറിയിരുന്നു.

ഇതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് വരുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജസ്ഥാന്റെ മുന്‍ നായകനായ ദ്രാവിഡ് ഫ്രാഞ്ചൈസിയുമായി മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ദ്രാവിഡ് മുമ്പ് രാജസ്ഥാന്റെ ഉപദേശകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കീഴില്‍ മൂന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ ഫിനിഷ് ചെയ്തിരുന്നത്. രണ്ടാം ക്വാളിഫയര്‍ സണ്‍റൈസ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് സഞ്ജുവും കൂട്ടരും തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ നേതൃത്വത്തില്‍ നേടിയ കിരീടം മാത്രമാണ് രാജസ്ഥാന്റെ ഷെല്‍ഫിലുള്ളത്.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന് പുറമേ മുംബൈ ഇന്ത്യന്‍സും ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ദ്രാവിഡിനെ പരിശീലകന്‍ ആക്കാന്‍ വേണ്ടി മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നുണ്ടെന്നും നിലവിലെ ടീമിന്റെ പരിശീലകനായ മാര്‍ക്ക് ബൗച്ചറിനെ പുറത്താക്കാന്‍ ടീം ശ്രമിക്കുന്നുണ്ടെന്നുമാണ് പറയുന്നത്.

2023 സീസണില്‍ പ്ലേ ഓഫില്‍ എത്തിയ മുംബൈയ്ക്ക് 2024 സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. പരിശീലനം എന്ന നിലയില്‍ മാര്‍ക്ക് ബൗച്ചര്‍ കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു മുംബൈ നടത്തിയത്.

14 മത്സരങ്ങളില്‍ നിന്നും നാല് വിജയവും 10 തോല്‍വിയും അടക്കം എട്ട് പോയിന്റോടെ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ ലോകകപ്പ് വിജയത്തിലെത്തിച്ച ദ്രാവിഡനെപ്പോലുള്ള പരിചയസമ്പന്നനായ പരിശീലകനെ ടീമില്‍ എത്തിച്ചുകൊണ്ട് പുതിയ സീസണില്‍ ശക്തമായി തിരിച്ചുവരാന്‍ തന്നെയായിരിക്കും മുംബൈ ലക്ഷ്യമിടുക.

 

Content Highlight: Report says Mumbai Indians Are Interest To Rahul Dravid as a Coach in IPL 2025