| Sunday, 17th July 2022, 2:47 pm

മമത സര്‍ക്കാരിനെതിരായ അടുത്ത നീക്കത്തിന് ബി.ജെ.പി? മുക്താര്‍ അബ്ബാസ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്.

ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍ഖറെ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ ആറിന് നഖ്‌വി കേന്ദ്രന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി കൂടിയായിരുന്നു നഖ്‌വി.

രാജിക്ക് പിന്നാലെ അദ്ദേഹം എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ജഗ്ദീപ് ധന്‍ഖറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയായിരുന്നു പ്രഖ്യാപനം നടത്തിയത്.

2019ലായിരുന്നു ജഗ്ദീപ് ധന്‍ഖര്‍ ബംഗാള്‍ ഗവര്‍ണറായി അധികാരമേറ്റത്. നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അദ്ദേഹം ഇടഞ്ഞിരുന്നു. ബംഗാളിലെ മുഖ്യമന്ത്രി- ഗവര്‍ണര്‍ തര്‍ക്കങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ടൂളായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണറായിരിക്കെ ധന്‍ഖറിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് ബംഗാളിലെ അടുത്ത ഗവര്‍ണര്‍ നിയമനം ബി.ജെ.പിയെയും തൃണമൂലിനെയും സംബന്ധിച്ചിടത്തോളം പ്രധാന രാഷ്ട്രീയനീക്കമാകുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നഖ്‌വിയെ ഗവര്‍ണറാക്കുന്നത് രാഷ്ട്രീയപരമായും പ്രധാനപ്പെട്ട നീക്കമായിരിക്കും.

രണ്ട് വര്‍ഷത്തിനപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന ഗവര്‍ണര്‍ നിയമനം നിര്‍ണായകമാകും. പ്രത്യേകിച്ചും കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിച്ചത്ര വിജയം നേടാതിരിക്കുകയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുകയും ചെയ്ത സാഹചര്യത്തില്‍.

അതേസമയം, ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.

Content Highlight: Report says Mukhtar Abbas Naqvi likely to replace Jagdeep Dhankhar as West Bengal Governor

We use cookies to give you the best possible experience. Learn more