ത്രിപുരയില്‍ അഞ്ഞൂറിലധികം തീവ്രവാദികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
national news
ത്രിപുരയില്‍ അഞ്ഞൂറിലധികം തീവ്രവാദികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2024, 1:47 pm

അഗര്‍ത്തല: ത്രിപുരയില്‍ അഞ്ഞൂറിലധികം തീവ്രവാദികള്‍ ആയുധം വെച്ച് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മാണിക് സാഹയുടെ മുമ്പില്‍ ആയുധങ്ങള്‍ വെച്ച് തീവ്രവാദികള്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സംസ്ഥാനം സമ്പൂര്‍ണ തീവ്രവാദവിമുക്തമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര, ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ് എന്നീ നിയമവിരുദ്ധ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയ തീവ്രവാദികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ 250 കോടിയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന യോഗത്തിന് പിന്നാലെയാണ് തീവ്രവാദികള്‍ കീഴടങ്ങിയത്. അഗര്‍ത്തലയില്‍ നടന്ന ഔപചാരിക കീഴടങ്ങല്‍ ചടങ്ങില്‍ ഇരു ഗ്രൂപ്പുകളുടെയും നേതാക്കളും പ്രവര്‍ത്തകരും ആയുധങ്ങള്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് കീഴടങ്ങുകയായിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷമാണ് ഗ്രൂപ്പുകള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. കരാറില്‍ 1000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 250 കോടി സംസ്ഥാനത്തെ ആദിവാസികളുടെ പുനരധിവാസത്തിനായി മാറ്റിവെക്കുകയും ചെയ്യും.

കീഴടങ്ങാനുള്ള തീരുമാനം ത്രിപുരയെ സംബന്ധിച്ച് സുപ്രധാനവും ചരിത്രപരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒമ്പത് എകെ സീരീസ് റൈഫിളുകള്‍, 13 പിസ്റ്റളുകള്‍, 89 ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍, ഏഴ് കുഴിബോംബുകള്‍ ഉള്‍പ്പെടെയാണ് പ്രവര്‍ത്തകര്‍ കീഴടങ്ങിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കലാപങ്ങളില്‍ നിന്ന് സംരക്ഷിക്കും, രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പ് നല്‍കിയിരുന്നത്. ത്രിപുരയിലെ സംഘര്‍ഷം തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ബി.ജെ.പിയുടെ പ്രധാന വിഷയമായിരുന്നു.

എന്നാല്‍ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ ഒരു നിലപാട് പറയുകയോ ഇതുവരെ മൗനം വെടിയുകയോ ചെയ്തിട്ടില്ല. നിലവില്‍ സംസ്ഥാനത്തെ ആദിവാസികളുടെ വികസനത്തിനായി സംസ്ഥാനവും കേന്ദ്രവും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Content Highlight: Report says more than 500 terrorists have surrendered in Tripura