ടെല്‍ അവീവ്: ഇസ്രഈലില്‍ കുടിയേറ്റ തൊഴിലാളികളില്‍ പലരും അടിമത്തത്തിന് സമാനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതും താമസിക്കുന്നതുമെന്ന് റിപ്പോര്‍ട്ട്.
‘ഹോട്ട്‌ലൈന്‍ ഫോര്‍ റെഫ്യൂജീസ് മൈഗ്രന്റ് വര്‍ക്കേഴ്‌സ്’ എന്ന സംഘടനയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്ക് നീണ്ട ജോലി സമയമാണുള്ളതെന്നും വേണ്ടത്ര ഇടവേളകള്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലരുടേയും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തൊഴിലുടമകള്‍ പിടിച്ചുവെക്കുന്ന പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ മരണമോ മറ്റ് അക്രമസംഭവങ്ങളോ നടക്കുമ്പോള്‍ മാത്രമാണ് പൊലീസ് അടക്കം ഇടപെടുന്നതെന്നും തൊഴിലാളികളുടെ മോശം ജോലിസാഹചര്യം സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പറയുന്നു.
പെര്‍മിറ്റില്ലാതെ കുടിയേറ്റ തൊഴിലാളികള്‍ ജോലിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ട് പൊലീസ് ഇടപെട്ടാല്‍ ഉടനെ തൊഴിലുടമകള്‍ തൊഴിലാളികളെ കടത്തുന്ന സ്ഥിതിയാണെന്നും വാച്ച്‌ഡോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് മനുഷ്യക്കടത്താണെന്ന രീതിയില്‍ പൊലീസ് പരിഗണിക്കുന്നു പോലുമില്ല എന്ന വിമര്‍ശനവുമുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി കെട്ടിടനിര്‍മാണ മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2001 മുതലുള്ള കണക്കില്‍ ഇസ്രഈലില്‍ ഇതുവരെ 3736 കുടിയേറ്റ തൊഴിലാളികളാണ് മനുഷ്യക്കടത്തിന് വിധേയരായത്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്.