വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെ കുറിച്ച് മാതൃ കമ്പനിയായ മെറ്റ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്.
ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചെത്താന്‍ ട്രംപിനെ അനുവദിക്കുമോ എന്ന് പ്രഖ്യാപിക്കാന്‍ മെറ്റാ ഇങ്ക് (Meta Inc) ഒരുങ്ങുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
വിഷയത്തില്‍ ജനുവരി ഏഴിനകം തീരുമാനമെടുക്കുമെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ജനുവരി അവസാനത്തേക്ക് നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെറ്റ ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ, ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കാനും വിലക്ക് പിന്‍വലിക്കാനും ട്വിറ്ററിന്റെ പുതിയ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരുന്നു.
വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു2021 ജനുവരി ആറിന് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. യു.എസ് ക്യാപിറ്റോളില്‍ 2021 ജനുവരിയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്.
എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ഭൂരിഭാഗം പേരും വോട്ട് ചെയ്തുവെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. മസ്‌ക് തന്നെയായിരുന്നു വോട്ടെടുപ്പ് നടത്തിയത്.
ഒന്നര കോടിയിലധികം (15 മില്യണ്‍) പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ 51.8 ശതമാനം പേരും ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും മസ്‌ക് പറഞ്ഞു.
എന്നാല്‍ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ലെന്നും തന്റെ പുതിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ (Truth Social) തന്നെ തുടരുമെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.
ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് (TMTG) സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമാണ് ട്രൂത്ത് സോഷ്യല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആപ്പ് ലോഞ്ച് ചെയ്തത്.
Content Highlight: Report says Meta To Take Decision On Donald Trump’s Return To Facebook