ഇന്ത്യയുടെ വേഗതയുടെ രാജകുമാരൻ തിരിച്ചെത്തുന്നു; ബംഗ്ലാദേശിനെതിരെ അവനിറങ്ങുമോ?
Cricket
ഇന്ത്യയുടെ വേഗതയുടെ രാജകുമാരൻ തിരിച്ചെത്തുന്നു; ബംഗ്ലാദേശിനെതിരെ അവനിറങ്ങുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 11:56 am

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമായിരുന്നു മായങ്ക് യാദവ്. ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടാണ് മായങ്ക് ശ്രദ്ധ നേടിയത്. എന്നാല്‍ പരിക്കു പറ്റിയതിനു പിന്നാലെ താരത്തിന് ഐ.പി.എല്‍ നഷ്ടമാവുകയായിരുന്നു.

ഇപ്പോള്‍ മായങ്ക് യാദവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു വലിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി-20 ഐ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സെലക്ടര്‍മാര്‍ മായങ്കിനെ ടീമിലെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

‘കഴിഞ്ഞ ഒരു മാസത്തോളമായി മായങ്ക് പരിക്കുകളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. അവന്‍ എന്‍.സി.എയില്‍ വളരെ മികച്ചതായാണ് പന്തെറിയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിനായി അദ്ദേഹം എത്രത്തോളം തയ്യാറാണെന്ന് നോക്കാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമുണ്ട്. ഇന്ത്യക്ക് നീണ്ട ഒരു ടെസ്റ്റ് സീസണ്‍ വരാനിരിക്കുന്നതിനാല്‍ സെലക്ടര്‍മാര്‍ക്ക് മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ട്. ബംഗ്ലാദേശിനെതിരായ ടി-20യില്‍ പുതുമുഖ താരങ്ങളെ പരീക്ഷിക്കും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗവിനായി നാല് മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഈ നാലു മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയെടുത്തത്. 6.99 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒരുപിടി യുവതാരങ്ങള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലായതിനാല്‍ മായാങ്ക് യാദവിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഈ പരമ്പരക്ക് ശേഷം നടന്ന ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിലും താരത്തിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചാല്‍ ഉടന്‍ നടക്കാനിരിക്കുന്ന ടി-20 പരമ്പരയില്‍ മായങ്ക് യാദവ് ഇടം നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Report Says Mayank Yadav Will Include T20 Squad Against Bangladesh