| Tuesday, 6th August 2024, 12:09 pm

മെസിക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ത്യയില്‍ പന്തുതട്ടാനെത്തുന്നു? കോരിത്തരിച്ച് ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ സ്നാപ്ഡ്രാഗണ്‍സാണ് ഇന്ത്യയില്‍ ടീം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. റെഡ് ഡെവിള്‍സിന് ഇന്ത്യയില്‍ മികച്ച ജനപ്രീതി ഉണ്ടെന്നും ഇത് കണക്കിലെടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയില്‍ പ്രീ സീസണ്‍ ടൂര്‍ നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇന്ത്യക്ക് പുറമെ ചൈനയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്നാപ്ഡ്രാഗണിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഡോണ്‍ മക്ഗുയര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷമാണ് സ്നാപ്ഡ്രാഗണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പ് വെക്കുന്നത്. 225 മില്യണ്‍ തുകക്ക് മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു ഇംഗ്ലീഷ് വമ്പന്‍മാരുമായി സ്നാപ്ഡ്രാഗണ്‍ കരാറില്‍ ഒപ്പുവെച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും ക്ലബ്ബുകള്‍ക്കും വലിയ സ്വീകാര്യതയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഉള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെപ്പോലുള്ള ഒരു മികച്ച ടീമിന്റെ കടന്നുവരവ് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുക.

2011ല്‍ ലയണല്‍ മെസിയുടെ കീഴില്‍ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. വെനെസ്വെലക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരം കളിക്കാനായിരുന്നു അര്‍ജന്റീന ഇന്ത്യയില്‍ എത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട് ലെക്ക് സ്റ്റേഡിയത്തില്‍ ഏകദേശം 75,000ത്തോളം കാണികളുടെ മുന്നില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീന വിജയിച്ചത്.

ഇതുപോലെ ലോകമെമ്പാടും ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പോലുള്ള വമ്പന്‍ ടീം ഇന്ത്യയില്‍ പന്തുതട്ടാന്‍ എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.

അതേസമയം കഴിഞ്ഞ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ എഫ്.എ കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ചെയ്ത വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് സ്വന്തമക്കിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം റെഡ് ഡെവിള്‍സ് പരിശീലകന്‍ ടെന്‍ ഹാഗ് സ്വന്തമാക്കിയിരുന്നു. ഒരു ഡൊമസ്റ്റിക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ മാനേജറായിട്ടാണ് ടെന്‍ ഹാഗ് മാറിയത്. 25 മത്സരങ്ങള്‍ അണ്‍ബീറ്റണായി മിന്നും പ്രകടനം നടത്തികൊണ്ട് എത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെയായിരുന്നു അന്ന് ടെന്‍ ഹാഗും കൂട്ടരും തകര്‍ത്തുവിട്ടത്.

എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫിനിഷ് ചെയ്തിരുന്നത്. 38 മത്സരങ്ങളില്‍ നിന്നും 18 വിജയവും ആറ് സമനിലയും 14 തോല്‍വിയും അടക്കം 60 പോയിന്റ് ആയിരുന്നു റെഡ് ഡെവിള്‍സ് നേടിയത്. എന്നാല്‍ ടീം പുതിയ സീസണില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Report Says Manchester United Will Came to India For Pre Season

We use cookies to give you the best possible experience. Learn more