ലോകകപ്പ് നേടിയാല്‍ ലയണല്‍ മെസി നാഷണല്‍ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചേക്കും; റിപ്പോര്‍ട്ട്
football news
ലോകകപ്പ് നേടിയാല്‍ ലയണല്‍ മെസി നാഷണല്‍ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചേക്കും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th December 2022, 11:59 pm

ഖത്തറില്‍ നടക്കാനിരിക്കുന്നത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ലോകകപ്പിന് മുന്നേ തന്നെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പറഞ്ഞിരുന്നു. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം നേടിക്കൊടുക്കണമെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ ലോകകപ്പില്‍ സെമിയിലെത്തിയിരിക്കുകയാണ് അര്‍ജന്റീന. രണ്ട് മത്സര വിജയം മാത്രമാണ് അര്‍ജന്റീനിയുടെയും മെസിയുടെയും ലോകകപ്പ് മോഹങ്ങള്‍ക്ക് ഇനി ബാക്കിയുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ 12:30(ഇന്ത്യന്‍ സമയം) ക്രൊയേഷ്യയോടാണ് അര്‍ജന്റീന സെമിയില്‍ ഏറ്റുമുട്ടുക.

ഇതിനിടയില്‍ ഖത്തറില്‍ കീരീടമുയര്‍ത്തിയാല്‍ മെസി നാഷണല്‍ ജേഴ്‌സിയില്‍ നിന്ന്
വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് നേട്ടത്തോടെ നാഷണല്‍ ജേഴ്‌സില്‍ നിന്ന് വിരമിക്കാനാണ് താരം ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ അര്‍ജന്റീന ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ അധികസമയത്ത് ജര്‍മ്മനിയോട് 1-0ന് തോറ്റ് പുറത്തായതോടെ ലോകകപ്പ് നേടുകയെന്ന മെസിയുടെ മോഹം പൊലിഞ്ഞിരുന്നു.

എന്നാല്‍, ലോകകപ്പ് കഴിഞ്ഞാലും മെസി നാഷണല്‍ ജേഴ്‌സിയില്‍ തുടരുമെന്നാണ് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി തിങ്ങളാഴ്ച പറഞ്ഞത്. സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഖത്തറിലേത്. അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിക്കുന്ന താരവുമാണ് മെസി.

ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. അഞ്ച് ഗോള്‍ നേടിയ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ മാത്രമാണ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഈ ലോകകപ്പില്‍ മെസിക്ക് മുന്നിലുള്ളത്.

അതേസമയം, രണ്ട് സെമിയും ലൂസേഴ്സ് ഫൈനലും, ഫൈനലും അടക്കം ഇനി നാല് കളികള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്. ഡിസംബര്‍ 15ന് പുലര്‍ച്ചെ ഫ്രാന്‍സ് മൊറോക്കയെയാണ് രണ്ടാം സെമി ഫൈനലില്‍ നേരിടുക.

Content Highlight: Report says   may retire from national jersey after winning World Cup