അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. പരിക്കിന് പിന്നാലെ മെസിക്ക് ഇന്റര്‍ മയാമിക്കൊപ്പമുള്ള കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായിരുന്നു. മെസി ഇതുവരെ മയാമിക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മെസിയുടെ പരിക്ക് ഇന്റര്‍ മയമിയുടെ ആരാധകരിലും വലിയ ഇടിവ് ഉണ്ടാക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
മെസി കളിക്കാത്തതിനാല്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തുന്ന ആരാധകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വേള്‍ഡ് സോക്കറിന്റെ റിപ്പോര്‍ട്ട് പ്രകാരം മേജര്‍ ലീഗ് സോക്കറിലേക്ക് മെസി വന്നതിന് പിന്നാലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് 12,000 ഡോളറായി ഉയര്‍ന്നിരുന്നുവെമെന്നും ഇപ്പോള്‍ മെസിക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് നാല് ഡോളര്‍ കുറഞ്ഞുവെന്നുമാണ് പറയുന്നത്.
ക്ലബ്ബിന്റെ ഹെറാള്‍ഡ് ജേണലിസ്റ്റ് മിഷേല്‍ കോഫ്മാന്‍ ടിക്കറ്റ് നിരക്ക് കുറയുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
‘ലീഗ്സ് കപ്പിന്റെ ടി.വി റേറ്റിങ്ങുകള്‍ കുറഞ്ഞിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഗ്രൗണ്ടിലെ അറ്റന്‍ഡന്‍സ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം കുറഞ്ഞു. നിലവില്‍ ആളുകള്‍ക്ക് ഇതിനോട് താല്പര്യം കുറവാണെന്ന് എനിക്ക് തോന്നുന്നു,’ മിഷേല്‍ കോഫ്മാന്‍ ഇന്‍സൈഡ് മായാമി പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തുന്നത്. അര്‍ജന്റൈന്‍ സൂപ്പര്‍താരത്തിന്റെ വരവിന് പിന്നാലെ എം.എല്‍.എസിന് ഫുട്‌ബോള്‍ ലോകത്ത് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചിരുന്നു.
മെസിയുടെ വരവോടെയാണ് മേജര്‍ ലീഗ് സോക്കറിന് കൃത്യമായ ഒരു മേല്‍വിലാസം ലഭിച്ചു തുടങ്ങിയത്. മെസിയുടെ വരവിന് പിന്നാലെ ബാഴ്‌സലോണയിലെ തന്റെ സഹതാരങ്ങളായ സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ജോര്‍ഡി ആല്‍ബ തുടങ്ങിയ താരങ്ങളും അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മെസിയുടെ അഭാവത്തില്‍ അമേരിക്കന്‍ ഫുട്‌ബോളില്‍ ആരാധകരുടെ അഭാവം വന്നിരിക്കുകയാണ്.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മെസിക്ക് പരിക്കേറ്റത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു.
ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഒടുവില്‍ എക്സ്ട്രാ ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളിലൂടെയാണ് അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായത്.
Content Highlight: Report Says Lionel Messi Injury is Affect The Ticket Selling Of Inter Miami