ലയണല്‍ മെസി ഇംഗ്ലണ്ട് ഇതിഹാം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമി ക്ലബ്ബുമായി കരാറിലേര്‍പ്പെടുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. താരത്തിന് മുന്നിൽ ബാഴ്‌സക്ക് ശരിയായ കരാര്‍ മുന്നോട്ട് വെക്കാന്‍ ശേഷിയില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രമുഖ സ്‌പോര്‍ട് വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജന്റൈന്‍ ഇതിഹാസസത്തെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരം ക്ലബ്ബുമായി സൈന്‍ ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നത്.
ബാഴ്‌സയില്‍ തന്റെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സും അദ്ദേഹത്തിനൊപ്പം ഇന്റര്‍ മിയാമിയുമായി കരാറിലേര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇരുവരുടെയും കരാര്‍ സംബന്ധിച്ച വാര്‍ത്തകളൊന്നും നിലവില്‍ പുറത്തുവന്നില്ലില്ല.
മെസിക്ക് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വേതനത്തിന് പുറമെ പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഡംബര ഇലക്ട്രോണിക്സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മിയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍. പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത് .
ഈ ആഴ്ച ആദ്യം മെസിയുടെ പിതാവ് തന്റെ മകന്‍ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു, പക്ഷേ ക്ലബിന്റെ സാമ്പത്തിക സ്ഥിതി മോശമായത് അന്തിമ ഇടപാട് അസാധ്യമാക്കുകയെന്നാണ് ഗോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളും മെസിയെ തിരിച്ചെത്തിക്കുന്നതില്‍ ബാഴ്‌സക്ക് തിരിച്ചടിയായി.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമി. അമേരിക്കയിലേക്ക് മാറിയ ആദ്യത്തെ പ്രധാന യൂറോപ്യന്‍ താരങ്ങളില്‍ ഒരാളാണ് ബെക്കാം.
Content Highlight: Report says Leo Messi will sign a two-year contract with Inter Miami and Sergio Busquets could join him