Sports News
ക്യാപ്റ്റനായി ഒരു കളി ജയിച്ചതാ; ഏഷ്യാ കപ്പില്‍ പണി കിട്ടുന്നത് ഹര്‍ദിക്കിന്
ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഡി.എല്‍.എസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചത്.
ക്യാപ്റ്റനായും ബൗളറായും ബുംറയുടെ മികച്ച പ്രകടനത്തിനായിരുന്നു ഇന്ത്യന്‍ ടീം സാക്ഷിയായത്. മത്സരത്തില്‍ താരം 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
മത്സരത്തിന് പിന്നാലെ ബുംറ ഏഷ്യാ കപ്പിലും ലോകകപ്പിലും ടീമിന്റെ വൈസ് ക്യാപ്റ്റനായെക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ ഉപനായകനായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ മാറ്റിയായിരിക്കും ബുംറയെ വൈസ് ക്യാപ്റ്റനാക്കുക. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി പ്രവര്‍ത്തിക്കുന്ന താരമാണ് ഹര്‍ദിക്. ടി-20യിലും ഏകദിനത്തിലും നായകന്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയാണ് ഹര്‍ദിക്. രോഹിത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കപെടുന്നവരില്‍ പ്രധാനിയും ഈ ഓള്‍റൗണ്ടറാണ്.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയിലാണ് താരം നയിച്ചത്. ആദ്യ സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് രണ്ടാം സീസണില്‍ റണ്ണറപ്പുമായിരുന്നു.
എന്നാല്‍ ഈയിടെ സമാപിച്ച വിന്‍ഡീസ് പരമ്പരക്ക് ശേഷം ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ ഇന്ത്യ 3-2ന് തോറ്റിരുന്നു. കളിക്കളത്തില്‍ താരത്തിന്റെ ചില തീരുമാനങ്ങള്‍ ആരാധകര്‍ ചോദ്യം ചെയ്യുകയും ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് കാരണം കോച്ച് ആഷിഷ് നെഹ്‌റയുമാണെന്ന് പറയുകയുമുണ്ടായി.
ബുംറയാണ് ക്യപ്റ്റന്‍സിയില്‍ ഹര്‍ദിക്കിനെക്കാള്‍ സീനിയറെന്നും അദ്ദേഹം ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ സോഴ്‌സ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തെ ഏഷ്യാ കപ്പിലും ലോകകപ്പിലും വൈസ് ക്യാപ്റ്റനായി കണ്ടാലും അത്ഭുതപെടേണ്ടെന്നും സോഴ്‌സ് കൂട്ടിച്ചോര്‍ത്തു.
‘ക്യാപ്റ്റന്‍സിയില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ 2022ല്‍ ടെസ്റ്റ് ടീമിനെ നയിച്ച ബുംറയാണ് പാണ്ഡ്യയെക്കാള്‍ മുന്നില്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാണ്ഡ്യയ്ക്ക് മുമ്പ് ഏകദിന ഉപനായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
രോഹിത്തിന്റെ ഉപനാകനായി ഏഷ്യാ കപ്പിലും ലോകകപ്പിലും ബുംറയെ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടേണ്ട. അയര്‍ലന്‍ഡ് പരമ്പരയില്‍ റിതുരാജിന് പകരം താരത്തിനെ ക്യാപ്റ്റനാക്കിയതിന് പിന്നില്‍ കാരണമുണ്ട്,’ പേര് വെളിപ്പെടുത്താത്ത സോഴ്‌സ പി.ടി.ഐയോട് പറഞ്ഞു.
ഇന്ത്യ അയര്‍ലന്‍ഡ് പരമ്പരയിലെ രണ്ടാം ടി-20 മത്സരം ഇന്ന് നടക്കും. മൂന്ന് മത്സരമാണ് പരമ്പരയിലുള്ളത്.
Content Highlight: Report Says Jasprit Bumrah might be vice captain of India instead of Hardik Pandya