ടെഹ്‌റാന്‍: അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്ത ഇറാന്റെ വനിതാ ചെസ് താരം രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് തന്നെയായിരുന്നു ഇറാനിയന്‍ ചെസ് താരം ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തിരുന്നത്.
ഇറാനിയന്‍ വനിതാ ചെസ് താരം സാറാ ഖാദെം (Sara Khadem) ആണ് ഇപ്പോള്‍ രാജ്യം വിട്ട് സ്‌പെയിനിലേക്ക് പോകാനും അവിടെ സ്ഥിരതാമസമാക്കാനും തയ്യാറെടുക്കുന്നത്. അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഹിബാബ് ധരിക്കാതെ സാറാ പങ്കെടുക്കുന്നതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് തീരുമാനമെന്നും സ്പാനിഷ് ദിനപ്പത്രമായ എല്‍ പെയ്‌സിനെ (El País) ഉദ്ധരിച്ച് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകറാങ്കിങ്ങില്‍ 804ാം സ്ഥാനത്തും ഇറാനിയന്‍ ചെസ് റാങ്കിങ്ങില്‍ 10ാം സ്ഥാനത്തുമുള്ള സാറാ ഖാദെം ഇറാനിയന്‍ സര്‍ക്കാരില്‍ നിന്നും പ്രതികാര നടപടികളോ തിരിച്ചടികളോ ഉണ്ടായേക്കാമെന്ന ഭയം കാരണം ടൂര്‍ണമെന്റിന് ശേഷം ഇവിടേക്ക് തിരിച്ചുവരാതെ നേരിട്ട് സ്‌പെയിനിലേക്ക് പോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖാദെമും ഭര്‍ത്താവും സിനിമാ സംവിധായകനുമായ അര്‍ദേശീര്‍ അഹ്മദിയും (Ardeshir Ahmadi) ഇവരുടെ കുഞ്ഞുമാണ് സ്‌പെയിനിലേക്ക് പോകാനൊരുങ്ങുന്നത്.
കസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ (Almaty) വെച്ച് നടന്ന ഫിഡ് വേള്‍ഡ് റാപ്പിഡ്, ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം
ദിവസമായിരുന്നു 25കാരിയായ സാറാ ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.
അതേസമയം, ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്‌സ അമിനി ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തത്.
പിന്നീട് സെലിബ്രിറ്റികളടക്കം പ്രതിഷേധത്തെ ഏറ്റെടുക്കുകയും ഇതൊരു ക്യാമ്പയിന്‍ മോഡലിലേക്ക് മാറുകയുമായിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെട്ടു.
പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
Content Highlight: Report says Iranian chess player Sara Khadem is moving to Spain after competing without headscarf