ടെഹ്‌റാന്‍: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹിജാബ് വലിച്ചൂരുന്നതായി കാണിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ നടിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
ഹെന്‍ഗമേ ഗാസിയാനി (Hengameh Ghaziani) എന്ന നടിയെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ ഇബ്രാഹിം റഈസി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ഗാസിയാനി.
‘കലാപങ്ങള്‍ക്കും’ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കിയെന്നും പ്രതിപക്ഷ മാധ്യമങ്ങളുമായി ബന്ധപ്പെട്ടെന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNAയെ ഉദ്ധരിച്ചുകൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റൊരു നടിയായ കതയൂന്‍ റിയാഹിയെയും (Katayoun Riahi) സമാനമായ രീതിയില്‍ ‘ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു’ എന്നാരോപിച്ച് അറസ്റ്റ് ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
Katayoun Riahi, one of the first actresses who appeared in public without mandatory hijab after the killing of #MahsaAmini, has been reportedly arrested. pic.twitter.com/o7Jxu0UV7j
ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ‘കലാപം’ എന്നാണ് ഭരണകൂടവും അധികൃതരും വിശേഷിപ്പിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമാണ് രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് പിന്നിലെന്നും ഇറാനി സര്‍ക്കാര്‍ ആരോപിക്കുന്നു.
അറസ്റ്റിലാകുന്നതിന് മുമ്പ്, ‘എന്തുതന്നെ സംഭവിച്ചാലും ഞാന്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് നിങ്ങള്‍ മനസിലാക്കുക. ഒരുപക്ഷേ ഇതെന്റെ അവസാനത്തെ പോസ്റ്റായിരിക്കും,’ എന്ന് ഗാസിയാനി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ കുറിച്ചിരുന്നു.
അതേസമയം, ഇറാനിലെ സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകളിലും നിരീക്ഷണത്തിലും പ്രതിഷേധിച്ച് സി.സി.ടി.വി ക്യാമറകള്‍ സമരക്കാര്‍ സാനിറ്ററി പാഡുകളുപയോഗിച്ച് മറച്ചത് ഈയിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി അധികൃതര്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറകളാണ് സാനിറ്ററി പാഡുകള്‍ കൊണ്ട് മൂടിയത്.
മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ സേനയുടെ നടപടിക്ക് മറുപടിയെന്നോണമായിരുന്നു ഈ ‘സാനിറ്ററി പാഡ് സമരം’. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ സാനിറ്ററി പാഡുകളുപയോഗിച്ച് കവര്‍ ചെയ്തതിന്റെ നിരവധി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്‌സ അമിനി ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Content Highlight: Report says Iranian actresses arrested for removing Hijab in Insta Post and supporting anti gov protests