| Sunday, 31st July 2022, 8:27 am

ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍; 2022ല്‍ ഇതുവരെ തൂക്കിലേറ്റിയത് പത്ത് സ്ത്രീകളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് വധശിക്ഷകളുടെ, പ്രത്യകിച്ചും സ്ത്രീകളെ വധശിക്ഷക്ക് വിധിക്കുന്നതിന്റെ എണ്ണം കുത്തനെ കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഈ കൂട്ട വധശിക്ഷ നടപ്പാക്കലിന്റെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 27ന് രാജ്യത്ത് വിവിധ ജയിലുകളിലായി മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി നോര്‍വേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (Iran Human Rights- IHR) വ്യക്തമാക്കി. ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വ്യത്യസ്ത കേസുകളിലായി മൂന്ന് സ്ത്രീകളെയും തൂക്കിലേറ്റിയതെന്നാണ് എന്‍.ജി.ഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതില്‍ പല കേസുകളിലും തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഫ്ഗാന്‍ പൗരയായ സെനോബാര്‍ ജലാലി എന്ന യുവതിയെ ടെഹ്‌റാന് പുറത്തെ ഒരു ജയിലിലും സൊഹെയ്‌ല അബേദി എന്ന യുവതിയെ പടിഞ്ഞാറന്‍ ഇറാനിലെ സനന്‍ദാജിലെ ജയിലിലും വെച്ച് തൂക്കിലേറ്റി. ഫറാനക് ബെഹെഷ്ടി എന്ന യുവതിയുടെ വധശിക്ഷ വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലെ ജയിലില്‍ വെച്ചാണ് നടപ്പിലാക്കിയത്.

ഇതില്‍ സൊഹെയ്‌ല അബേദി 15ാം വയസില്‍ വിവാഹിതയാകുകയും പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിലാകുകയും ചെയ്തതാണ്. 2015ലായിരുന്നു അബേദിയെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

അഞ്ച് വര്‍ഷം മുമ്പാണ് ഫറാനക് ബെഹെഷ്ടിക്ക് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ വിധിച്ചത്.

അതേസമയം സ്ത്രീകള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം പോലെ വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അധികൃതര്‍ ചെവി കൊടുക്കുന്നില്ലെന്നും മറിച്ച് അവരെ തൂക്കിലേറ്റുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ഉയരുന്ന വിമര്‍ശനം.

ഗാര്‍ഹിക പീഡനം, ചൂഷണം പോലുള്ള വിഷയങ്ങളുണ്ടായാല്‍ പോലും ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാന്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് അവകാശമില്ലാത്ത രീതിയിലാണ് ഇറാനിലെ സ്ത്രീവിരുദ്ധ നിയമങ്ങള്‍ എന്നും ആക്ഷേപമുയരുന്നുണ്ട്.

2022ല്‍ ഇതുവരെ ഇറാനില്‍ കുറഞ്ഞത് 306 വധശിക്ഷകളാണ് നടപ്പാക്കിയതെന്ന് ഐ.എച്ച്.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പത്ത് സ്ത്രീകളെയെങ്കിലും രാജ്യത്ത് ഈ വര്‍ഷം തൂക്കിലേറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എച്ച്.ആര്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2010നും 2021നുമിടയില്‍ 164 സ്ത്രീകളുടെ വധശിക്ഷയാണ് ഇറാനില്‍ നടപ്പിലാക്കിയിരിക്കുന്നത്.

മുന്‍ ജൂഡീഷ്യറി തലവനായ ഇബ്രാഹിം റഈസി 2021ല്‍ രാജ്യത്തെ പ്രസിഡന്റായി അധികാരമേറ്റത് മുതലിങ്ങോട്ടുള്ള സമയത്ത് രാജ്യത്തെ വധശിക്ഷകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവിനെക്കുറിച്ച് വിവിധ ആക്ടിവിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള നിന്ദ്യമായ ആക്രമണമാണ് ഇറാന്‍ നടത്തുന്നതെന്നും രാജ്യത്ത് വധശിക്ഷകള്‍ നടപ്പാക്കുന്നത് ‘അപകടകരമാം വിധം വേഗ’ത്തിലാണെന്നും വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനിലെ അബ്ദൊറഹ്മാന്‍ ബൊറൂമന്ദ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും (Abdorrahman Boroumand Centre for Human Rights) ആംനെസ്റ്റി ഇന്‍റര്‍നാഷണലും അഭിപ്രായപ്പെട്ടു.

ഇറാനിലെ വധശിക്ഷകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് ദേര്‍ ഈസ് നോ ഈവിള്‍ (There is No Evil) എന്ന സിനിമയെടുത്ത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോയെ ഈയടുത്ത് ഇറാനിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Report says Iran executed three women in a single day, at least 10 women have now been executed in 2022

We use cookies to give you the best possible experience. Learn more